malappuram
ഇ.സി.ആർ.സിയിലെ പ്രവർത്തകർക്കൊപ്പം രാജു ദഹൂലി

പൊന്നാനി: തെരുവിലലയുന്നവരെ ചികിത്സ നൽകി പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന പൊന്നാനിയിലെ ഇ.സി.ആർ.സിയുടെ(എമർജൻസി കെയർ റിക്കവറി സെന്റർ) സ്‌നേഹത്തണലിൽ 55കാരൻ രാജു ദഹൂലി പത്തുവർഷത്തിനു ശേഷം ഒറീസയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നു. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ രാജു വിവിധ സംസ്ഥാനങ്ങളിൽ കറങ്ങിത്തിരിഞ്ഞാണ് പൊന്നാനിയിലെത്തുന്നത്. നാല് മാസം മുൻപ് ഇ.സി.ആർ.സി വളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ട രാജുവിനെ തൃക്കാവിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. ചികിത്സയും സ്‌നേഹപരിചരണവും സമം ചേർത്ത് ലഭിച്ചതോടെ രാജു പുതിയൊരു മനുഷ്യനായി മാറി. ഒറീസയിലെ ബാരിബാഡയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ബെൽദുൽഗിരിയിലെ വീട്ടിലേക്ക് രാജു ഇന്ന് യാത്ര തിരിക്കും.
മരക്കമ്പിന്റെ രണ്ടറ്റത്ത് ഭാരമുള്ള സഞ്ചികൾ കൊളുത്തുകയും ഇത് തോളിലേറ്റി നഗരത്തിൽ കറങ്ങി നടക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു രാജു. സഞ്ചിയിൽ കല്ലും കട്ടയും കമ്പിയും ഭക്ഷണവുമാണ് നിറച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ഇ.സി.ആർ.സിയിൽ എത്തുന്നത്. ചികിത്സ തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. ഒറീസയിലെ ആദിവാസി വിഭാഗത്തിൽ പെട്ടയാളാണ് രാജു. വീട്ടിൽ ഭാര്യയും മക്കളുമുണ്ട്. രാജു നൽകിയ വിവരത്തിന്റെ അടിസ്ഥാത്തിൽ ഒറീസയിലെ കുടുംബവുമായി ഇ.സി.ആർ.സിയുടെ നോളജ് പാർട്ണർമാരായ ദി ബനിയനിലെ പ്രവർത്തകർ ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ രാജുവിനെ ഭാര്യ തിരിച്ചറിഞ്ഞു. പെട്ടന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്ന് വീട് വിട്ടിറങ്ങിയതായിരുന്നു ഇയാൾ.

മാനസിക അസ്വസ്ഥതകൾ കാരണം തെരുവിൽ അലയുന്നവരെ ചികിത്സ നൽകി പരിചരിച്ച് വീടുകളിലേക്ക് തിരിച്ചെത്തിക്കുന്ന കേന്ദ്രമാണ് ഇ.സി.ആർ.സി. പൊന്നാനി നഗരസഭക്ക് കീഴിൽ പൊന്നാനി ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെയും ദി ബനിയന്റെയും സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്‌നേഹക്കൂട് പദ്ധതിയുടെ നടത്തിപ്പുകാരാണ് ദി ബനിയൻ. നിലവിൽ എട്ടുപേരാണ് ഇ.സി.ആർ.സിയിൽ അന്തേവാസികളായുള്ളത്. രണ്ടുപേരെ നേരത്തെ അസുഖം ഭേദമാക്കി വീട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ചികിത്സക്കൊടുവിൽ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന രാജു ദഹൂലി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല, ഇ.സി.ആർ.സിയിലെ പാലിയേറ്റീവ് കോ-ഓർഡിനേറ്റർ അക്ബർ മൂസ, ദി ബനിയൻ കേരള ചാപ്റ്റർ കോ-ഓഡിനേറ്റർ പി.എം.സാലിഹ് എന്നിവർക്കൊപ്പം ഇന്ന് വൈകിട്ട് ഒറീസയിലെ വീട്ടിലേക്ക് യാത്ര തിരിക്കും.