പൊന്നാനി: ബസുകൾ പാതിവഴിയിൽ ഓട്ടം നിറുത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഗുരുവായൂർ -പൊന്നാനി റൂട്ടിലാണ് ബസുകൾ കുണ്ടുകടവ് ജംഗ്ഷനിൽ ട്രിപ്പ് മുടക്കുന്നത്. പൊന്നാനി ബസ്‌സ്റ്റാൻഡ് വരെ പെർമിറ്റുള്ള ബസുകളാണ് പാതിവഴിയിൽ ഓട്ടം നിറുത്തുന്നത്. യാത്രാദുരിതത്തിന് പുറമെ തിരക്കേറിയ കുണ്ടുകടവ് ജംഗ്ഷനിലെ ബസുകളുടെ പാർക്കിംഗ് ഗതാഗത തടസത്തിനും ഇടയാക്കുന്നുണ്ട്. വർഷങ്ങളായുള്ള ബസ് ജീവനക്കാരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. ട്രിപ്പുകൾ കട്ട് ചെയ്യുന്നതു മൂലം സിവിൽ സ്റ്റേഷൻ, കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് എത്തേണ്ടവർ രണ്ട് ബസ് കയറണ്ട ഗതികേടിലാണ്.
പാതി വഴിയിൽ ബസുകൾ നിറുത്തിയിടുന്നതിനെതിരെ കേരള പ്രവാസി സംഘം പൊന്നാനി ഏരിയാ കമ്മിറ്റി ആർ.ടി.ഒക്കും എം.എൽ.എക്കും പരാതി നൽകി. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.എ. സുരേഷ് ബാബു, ഏരിയാ പ്രസിഡന്റ് സക്കറിയ പൊന്നാനി, ട്രഷറർ എം. മുസ്തഫ, ദിനേശൻ, ശ്രീരാജ്, അബ്ദുൾ സലാം, സി.പി സക്കീർ, ജമാൽ മഞ്ചേരി എന്നിവരാണ് പരാതി നൽകിയത്.
ട്രിപ്പുകൾ കട്ട് ചെയ്യുന്ന ബസുകൾക്കെതിരെ നടപടിയുമായി ആർ.ടി.ഒ
പൊന്നാനി: പുത്തൻപള്ളി ഭാഗത്ത് നിന്നും പൊന്നാനിയിലേക്ക് പെർമിറ്റുള്ള ബസുകൾ കുണ്ടുകടവ് ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിനെതിരെ ലഭിച്ച പരാതിയിൽ നടപടിയുമായി പൊന്നാനി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുണ്ടുകടവ് ജംഗ്ഷനിലെത്തി നടത്തിയ പരിശോധനയിൽ ട്രിപ്പുകൾ കട്ട് ചെയ്യുന്നത് നേരിൽ ബോധ്യപ്പെട്ട അധികൃതർ ബസ് ജീവനക്കാർക്ക് താക്കീത് നൽകി. വരും ദിവസങ്ങളിലും പരിശോധ തുടരുമെന്നും പെർമിറ്റ് പ്രകാരം ട്രിപ്പുകൾ ഓടാതിരുന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ജോയിന്റ് ആർ.ടി.ഒ ശങ്കരൻ പിള്ളയുടെ നിർദ്ദേശ പ്രകാരം എം.വി.ഐ തോമസ് സ്‌കരിയ, എ.എം.വി.ഐമാരായ അഷ്റഫ്, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്