calicut-university

മലപ്പുറം: സർക്കാരിന് കോടികൾ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന നടപടിയുമായി കാലിക്കറ്റ് സർവകലാശാല. ഫിക്സഡ് ഡെപ്പോസിറ്റ് കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചതിലൂടെ 5.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാരിന്റെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. 4.9 ശതമാനം നിരക്കിലാണ് പലിശ ലഭിച്ചത്. അതേസമയം സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചാൽ 8.5 ശതമാനം പലിശ ലഭിക്കുമെന്നും അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടുന്നു. സർവകലാശാല അധികൃതർക്ക് രൂക്ഷ വിമർശനവുമുണ്ട്.
സർവകലാശാലയുടെ പണം ഉയർന്ന ലാഭം ലഭിക്കാനായി ട്രഷറിയിലോ ഉയർന്ന പലിശ ലഭിക്കുന്നിടത്തോ നിക്ഷേപിക്കണമെന്നാണ് 1975ലെ സർവകലാശാല ആക്ടിൽ പറയുന്നത്. 2012ൽ നിർദ്ദേശം കർശനമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മിക്ക സർവകലാശാലകളും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോഴും കാലിക്കറ്റിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

കോഴ്സുകളിലെ സീറ്റ് പരിധി കൂട്ടണമെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി സീറ്റ് പരിധി മുൻവർഷങ്ങളേക്കാൾ കുറച്ചുള്ള നടപടിയും കാലിക്കറ്റിൽ ഉണ്ടായിരുന്നു. ബിരുദ പ്രവേശനത്തിനായി ഒരുലക്ഷത്തിൽ പരം വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. സി.ബി.എസ്.ഇ ജയിച്ച 1,​500 പേരും ഇതിനോടകം അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകൾ കൂടുന്ന സാഹചര്യത്തിൽ സീറ്റ് പരിധി കുറച്ചതും ആശങ്കയായി തുടരുകയാണ്.

നിക്ഷേപിച്ചത് 47 ഇനം ഫണ്ടുകൾ

പ്രൊവിഡൻസ് ഫണ്ട്, ഡെവലപ്‌മെന്റ് ഫണ്ട്, പെൻഷൻ ഫണ്ട്, എൻഡോവ്‌മെന്റ് ഫണ്ട് തുടങ്ങി 47 ഫണ്ടുകളാണ് കുറഞ്ഞ പലിശയ്ക്ക് എസ്.ബി.ഐയിൽ നിക്ഷേപിച്ചത്. 2019, 2020, 2021 വർഷങ്ങളിൽ കേരള ട്രഷറി നൽകുന്ന പലിശയേക്കാൾ വളരെ കുറഞ്ഞ നിരക്കിലുമാണിത്. 5,​32,​72,​820 രൂപയാണ് ഇതുമൂലം സർവകലാശാലയ്ക്ക് നഷ്ടമായതെന്ന് എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിലും വ്യക്തമാക്കുന്നു.

ശമ്പളം മുടങ്ങും

ഫണ്ടുകൾ യഥാവിധം ട്രഷറിയിൽ നിക്ഷേപിച്ചെങ്കിൽ ശമ്പളത്തേയും പെൻഷനേയുമടക്കം ബാധിക്കുമെന്നാണ് എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നത്. മുൻ വി.സി അനിൽ വള്ളത്തോൾ, നിലവിലുള്ള വൈസ് വി.സി ഡോ.എം.കെ ജയരാജ്, മുൻ രജിസ്ട്രാർ പി.എൽ ജോഷി,​ നിലവിലുള്ള രജിസ്ട്രാർ ഡോ.കെ. സതീഷ് എന്നിവരാണ് കൃത്യ വിലോപത്തിന് ഉത്തരവാദികളെന്ന് ആരോപണമുണ്ട്.

സർക്കാർ ഉത്തരവിന് വിരുദ്ധമായാണ് കാലിക്കറ്റ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ. കുറ‍ഞ്ഞ പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ചതിലൂടെ വൻ നഷ്ടമുണ്ടായി. ഇതിന്റെ വിശദീകരണം അധികൃതർ നൽകണം.

- ഡോ.റഷീദ് അഹമ്മദ്,

സിൻഡിക്കേറ്റ് മെമ്പർ