
മലപ്പുറം: കേരളത്തിൽ ഒരോ വർഷവും നാലായിരത്തിലധികം പേരാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നതെന്ന് എ.എം.വി.ഐ സന്തോഷ്‌കുമാർ. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം മാസ് കോളേജിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷാ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈസൻസില്ലാതെ വാഹനം നിരത്തിലിറക്കരുതെന്നും റോഡിലെ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. മലപ്പുറം റൂബി ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. റോഡ് സുരക്ഷയുടെ പ്രാധാന്യം അറിയിക്കുന്നതും സന്ദേശമേകുന്നതുമായ വീഡിയോകൾ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടകനായ പി. ഉബൈദുള്ള എം.എൽ.എയും വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. നിയമ ലംഘകർക്കെതിരെയുള്ള നടപടികൾ സംബന്ധിച്ചും ഭാവി ജീവിതത്തിൽ ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചും എ.എം.വി.ഐ പ്രജീഷ് വിദ്യാർത്ഥികളെ ബോധവത്കരിച്ചു. നിരത്തിൽ വാഹനങ്ങളും റോഡപകടങ്ങളും അധികരിക്കുമ്പോൾ നിയമങ്ങൾ പാലിച്ചല്ലാതെ വാഹനമോടിക്കരുതെന്ന സന്ദേശം സെമിനാറേകി.