teacher
അദ്ധ്യാപകർ

മലപ്പുറം: ഉയർന്ന ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കിടയിൽ തുച്ഛമായ ശമ്പളത്തിൽ നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ പ്രയാസപ്പെടുന്നവരാണ് പ്രീ പ്രൈമറിയിലെ അദ്ധ്യാപകർ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഇവർ പേരിന് മാത്രം അദ്ധ്യാപകരാണ്. മാന്യമായ ശമ്പളം പോലും പ്രീ പ്രൈമറി അദ്ധ്യാപികമാർക്കും ആയമാർക്കും ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

2012 ആഗസ്റ്റിന് മുമ്പുള്ള സർക്കാർ പ്രീ പ്രൈമറിയിലെ അദ്ധ്യാപികമാർക്കും ആയമാർക്കും സർക്കാർ 12,500 രൂപവരെ ഓണറേറിയം നൽകി വരുന്നുണ്ട്. 2012ന് ശേഷം സർക്കാർ പ്രീ പ്രൈമറികളിൽ നിയമിതരായവർക്ക് ഓണറേറിയം നൽകുന്നില്ല. സ്കൂൾ പി.ടി.എ മുഖേനയുള്ള തുച്ഛമായ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത്. ഇതുതന്നെ കൃത്യ സമയത്ത് ലഭിക്കാത്ത സ്ഥിതിയാണ്. എയിഡഡ് മേഖലയിലെ സ്ഥിതി ഇതിലും പരിതാപകരമാണ്. 1988 മുതൽ എയിഡഡ് പ്രീപ്രൈമറിയിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാർക്ക് സർക്കാർ വക യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. ഓണറേറിയം നൽകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പരിസരത്തും മറ്റുമായി ജീവനക്കാർ സമരങ്ങൾ നടത്തിയതും വെറുതെയായി.

കുട്ടികളോടും വിവേചനം

ജീവനക്കാരോട് മാത്രമല്ല, മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കുട്ടികളോടും വിവേചനപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. 2012ന് മുമ്പുള്ള സർക്കാർ പ്രീ പ്രൈമറികളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണവും പാഠപുസ്തകങ്ങളും സൗജന്യമായി നൽകി വരുന്നുണ്ട്. എന്നാൽ 2012ന് ശേഷമുള്ള സർക്കാർ സ്ഥാപനങ്ങളിലും എയിഡഡിലും വിദ്യാർത്ഥികൾക്ക് ഉച്ഛഭക്ഷണവും പാഠ പുസ്തകവും നൽകുന്നില്ല. ഉയർന്ന തുകയൊടുക്കി പ്രൈവറ്റ് കമ്പനികളിൽ നിന്ന് പുസ്തകം വാങ്ങേണ്ട സ്ഥിതിയാണ്. എയിഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നതും സാധാരണക്കാരുടെ മക്കളാണെന്നത് സർക്കാർ ഓർക്കണമെന്നാണ് ജീവനക്കാർ പറയുന്നത്. ശമ്പളത്തിനും മറ്റുമായി കുട്ടികളിൽ നിന്ന് പണം പിരിച്ച് മുന്നോട്ട് പോവാനാവുമോ എന്ന ആശങ്ക പി.ടി.എ ഭാരവാഹികൾക്കുമുണ്ട്.

3000 മുതൽ 6000വരെ

എയിഡഡ് പ്രീ പ്രൈമറിയിലും ഓണറേറിയമില്ലാത്ത സർക്കാർ പ്രീ പ്രൈമറിയിലും തുടക്കക്കാരായ ജീവനക്കാർക്ക് മൂവായിരത്തിൽ കൂടുതൽ ലഭിക്കാറില്ല. വർഷങ്ങൾ കഴിഞ്ഞാൽ ഒരുപക്ഷെ 6000 രൂപയെങ്കിലും കിട്ടിയേക്കാം. ഓണറേറിയമുള്ള ജീവനക്കാർക്ക് സർക്കാർ നൽകുന്ന തുകയും തുച്ഛമാണ്. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നവരെ പരിഗണിക്കണമെന്നും ഓണറേറിയം എല്ലാവർ‌ക്കും ഒരുപോലെ നൽകണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

2012ന് മുമ്പുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ഓണറേറിയം

10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള അദ്ധ്യാപികമാർക്ക് -12,500

അല്ലാത്തവർക്ക് - 12,000

10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള ആയമാർക്ക് - 7,500

അല്ലാത്തവർക്ക് - 7,000