തിരൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന ത്രിമൂർത്തി സംഗമമായ തിരുന്നാവായ നവാമുകുന്ദാ ക്ഷേത്രത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് പൃതുക്കൾക്ക് ബലിതർപ്പണം നടത്താനെത്തിയത്. പുലർച്ചെ ഒരു മണിക്ക് തന്നെ 16 കർമികളുടെ നേതൃത്വത്തിൽ ബലി തർപ്പണം നടത്താനുള്ള എള്ള്, ചന്ദനം, ചെരൂള പൂവ്, അരി, പവിത്ര മോതിരം, ദർഭ പുല്ല് എന്നിവ ഒരുക്കി വേണ്ട സൗകര്യം തിരുന്നാവായ ദേവസ്വം ഒരുക്കിയിരുന്നു. പുലർച്ചെ രണ്ടിന് ആരംഭിച്ച ചടങ്ങ് ഉച്ചയോടുകൂടിയാണ് തീർന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും തലേ ദിവസം തന്നെ ഭക്തർ എത്തി ഹാളിലും മറ്റും വിശ്രമ കേന്ദ്രങ്ങളിലും വിരിവെച്ചു പുലർച്ചെ തന്നെ തർപ്പണം നടത്തി മടങ്ങുകയായിരുന്നു. പൊലീസ് , അഗ്നിസുരക്ഷാസേന, സുരക്ഷാ തോണി, മുങ്ങൽ വിദഗ്ദ്ധർ എന്നീ സംവിധാനങ്ങൾ ഒരുക്കി വൻ സുരക്ഷയാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത്. കൂടാതെ ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകൾ സേവാഭാരതി എന്നിവരുടെ സേവനവും ഭക്ത ർക്ക് ആശ്വാസമായിരുന്നു. കൊവിഡിന് ശേഷം ആദ്യമായി നടക്കുന്ന തർപ്പണ ചടങ്ങിന് വൻ തിരക്കാണ്് തിരുന്നാവായയിൽ അനുഭവപ്പെട്ടത്.