medical-study
മെഡിക്കൽ പഠനം

മലപ്പുറം: റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെയും കൊവിഡിന്റെയും പശ്ചാത്തലത്തിൽ വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ) എഴുതാൻ നാഷണൽ മെഡിക്കൽ കൗൺസിൽ അനുമതി നൽകി. ജൂൺ 30നുള്ളിൽ വിദേശ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പഠനം പൂർത്തീകരിച്ചവർക്കാണ് സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് എൻ.എം.സി

അനുമതി നൽകിയത്. ജൂൺ 30നുള്ളിൽ പഠനം പൂർത്തിയായവർക്ക് തീരുമാനം ആശ്വാസമാവുമെങ്കിലും നിലവിൽ ഓൺലൈനിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ തുടർപഠനം ചോദ്യ ചിഹ്ന്നമായി തുടരുകയാണ്. കേരളത്തിൽ തിരിച്ചെത്തിയവരിൽ ജൂൺ 30ന് മുമ്പ് കോഴ്സ് പൂർത്തിയായവരുടെ എണ്ണം100ൽ താഴെയാണ്. മറ്റു അക്കാഡമിക വർഷങ്ങളിൽ പഠിക്കുന്നവരാണ് കൂടുതലുമുള്ളത്. ഇവരുടെ തുടർപഠനത്തിൽ എൻ.എം.സി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇവർക്ക് ഓൺലൈനിൽ തിയറി ക്ലാസുകൾ നടക്കുന്നുണ്ട്. സെപ്തംബറോടെ പുതിയ സെമസ്റ്ററുകൾ ആരംഭിക്കും. സെമസ്റ്ററുകൾ ഓൺലൈനിൽ പൂർത്തീകരിച്ചാലും കോഴ്സിന്റെ യോഗ്യത നേടുന്ന കാര്യത്തിൽ ഇവർ ആശങ്കയിലാണ്.

ഇന്റേൺഷിപ്പ് രണ്ട് വർഷം

യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ലഭിക്കുമോ ?

നിലവിൽ പഠിക്കുന്നവർക്ക് യൂണിവേഴ്സിറ്റി ട്രാൻസ്ഫറിനുള്ള അനുമതി ലഭിച്ചാൽ മറ്റേതെങ്കിലും രാജ്യത്തേക്ക് പഠനത്തിനായി പോവാം. തിയറിയും പ്രാക്ടിക്കലുമെല്ലാം പൂർത്തിയാക്കി ഇന്ത്യയിൽ എഫ്.എം.ജി.ഇ എഴുതുകയും ചെയ്യാം. എന്നാൽ ഇത് സാദ്ധ്യമാണോ എന്ന കാര്യത്തിൽ വിദ്യാ‌ർത്ഥികൾ ആശങ്കയിലാണ്. ട്രാൻസ്ഫറിനെ കുറിച്ച് എൻ.എം.സിയും വ്യക്തമാക്കിയിട്ടില്ല. യുക്രെയിനിലെ യൂണിവേഴ്സിറ്റികൾ ട്രാൻസ്ഫറിനുള്ള അനുമതി നൽകുകയും വേണം. അക്കാഡമിക് സർട്ടിഫിക്കറ്റുകളടക്കം ലഭിച്ചാൽ മാത്രമേ ട്രാൻസ്ഫറിനുള്ള ഒരുക്കവും പൂർത്തിയാക്കാനാവു. കൂടുതൽ രക്ഷിതാക്കളും ഇനിയും മറ്റു രാജ്യങ്ങളിലേയ്ക്ക് കുട്ടികളെ പറഞ്ഞയക്കാൻ മടിക്കുന്നവരാണ്.

കേരളത്തിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം

ഒന്നാം വർഷം പഠിക്കുന്നവർ- 889

രണ്ടാം വർഷം - 334

മൂന്നാം വർഷം - 548

നാലാം വർഷം - 511

അഞ്ചാം വർഷം - 379

അവസാന വർഷം - 77

ആകെ - 2738