മലപ്പുറം: ആദിവാസി മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം നേരിട്ടെത്തിക്കുന്ന ട്രൈബൽ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം പോത്തുകല്ല്, ചാലിയാർ ഗ്രാമപഞ്ചായത്തുകളിൽ ഈ സാമ്പത്തിക വർഷത്തിൽ തന്നെ നടപ്പിലാക്കുമെന്ന് ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മിഷന്റെ ഭാഗമായി ഞെട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ തകർന്ന മുണ്ടേരി ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തികളും ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പോത്തുകല്ലിലെ 14 വാർഡുകളും എടക്കര പഞ്ചായത്തിലെ നാല് വാർഡുകളും ഉൾപ്പെടെ 31000ത്തോളം ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാനാവും. 26 കോളനികളിൽ നിന്നുള്ള 2308 ഗോത്രവർഗ സമൂഹത്തിന്റെ ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്നതാണ് ഞെട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രം. 21 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കിയത്. പി.വി അൻവർ എം.എൽ.എ അദ്ധ്യക്ഷനായി. പി.വി അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായി.