മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഒമ്പത് കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂർത്തീകരിച്ച നെഗറ്റീവ് പ്രഷർ വാർഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പ്രവൃത്തി പുനരാരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭരാണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. പഴയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി പൂർത്തീകരിക്കാനാവാത്തതിനാലാണ് ഒമ്പത് കോടി സർക്കാർ അനുവദിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് വിഭാഗം ഈ അദ്ധ്യയനം തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇ.സി.ആർ.പി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി 2.3 കോടി ചെലവഴിച്ചാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് നെഗറ്റീവ് പ്രഷർ വാർഡുകൾ സജ്ജമാക്കിയത്. മൂന്ന് വാർഡുകളിലായി ആകെ 37 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.