postoffice

പൊന്നാനി: സ്വന്തമായ സ്ഥലമുണ്ടായിട്ടും കാൽപതിറ്റാണ്ടായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനിയിലെ ഹെഡ് പോസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന് അനുമതി. കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. നിർമ്മാണത്തിനുള്ള തത്വത്തിലുള്ള അനുമതി പോസ്റ്റൽ ഡയറക്ടറേറ്റാണ് നൽകിയത്. ഇതിന് മുന്നോടിയായിട്ടുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രാഥമികമായിട്ടുള്ള ഡ്രോയിംഗും, പ്രിലിമിനറി എസ്റ്റിമേറ്റും എൻജിനിയറിംഗ് വിഭാഗം തയ്യാറാക്കി ബംഗളൂരു സൂപ്രണ്ടിംഗ് എൻജിനിയർക്ക് സമർപ്പിക്കും.
4.2 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. തുടർ നടപടികൾ വേഗത്തിലാക്കി കെട്ടിടം നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നുതെന്ന് എം.പി പറഞ്ഞു.

വർഷം 25 കഴിഞ്ഞിട്ടും പൊന്നാനി ഹെഡ്‌പോസ്റ്റോഫീസ് വാടക കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുകയാണ്.
പൊന്നാനി തൃക്കാവിൽ ഉണ്ടായിരുന്ന പോസ്റ്റ് ഓഫീസിന്റെ സ്വന്തം കെട്ടിടം പൊളിച്ച് മാറ്റിയാണ് 25 വർഷം മുമ്പ് വാടകക്കെട്ടിടത്തിലേക്ക് മാറിയത്. വലിയ കേടുപാടുകൾ ഇല്ലാത്ത കെട്ടിടമാണ് പൊളിച്ചുമാറ്റി വാടക കെട്ടിടത്തിലേക്ക് പോസ്റ്റോഫീസ് മാറ്റിയത്. കാടുപിടിച്ചു കിടക്കുന്ന പോസ്റ്റൽ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് ഹെഡ് പോസ്റ്റ് ഓഫീസിനുള്ള പുതിയ കെട്ടിടം ഉയരുക.