തിരൂരങ്ങാടി: തിരൂരങ്ങാടി മൃഗാശുപത്രിയിൽ ലബോറട്ടറി സൗകര്യം വരുന്നു. വെറ്ററിനറി ആശുപത്രി വെറ്ററിനറി പോളിക്ലിനിക്കായി ഉയർത്തണമെന്ന് തിരൂരങ്ങാടി നഗരസഭാ ഭരണസമിതി മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലാബ് സൗകര്യം ഒരുക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.യു അബ്ദുൽ അസീസ് ഉത്തരവായത്. നാല് മാസം മുമ്പ് ഇവിടെ രാത്രികാല പരിശോധന ആരംഭിച്ചിരുന്നു. ഇവിടേക്ക് ലാബ് ടെക്നീഷ്യനെ പ്രത്യേക ഡ്യൂട്ടി നൽകിയാണ് നിയോഗിച്ചിരിക്കുന്നത്. ലാബ് സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഭരണസമിതി വെറ്ററിനറി ഡിസ്പൻസറി സന്ദർശിച്ചു. ഉടൻ പോളിക്ലിനിക്ക് ആയി ഉയർത്തണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. പോളിക്ലിനിക്കിന് ആവശ്യമായ കെട്ടിട സൗകര്യം മൃഗാശുപത്രിയിലുണ്ട്. ചെയർമാൻ കെ.പി മുഹമ്മദ്കുട്ടി, സി.പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, എം. സുജിനി. വഹിദ ചെമ്പ, കക്കടവത്ത് അഹമ്മദ്കുട്ടി തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു.