school
സ്‌കൂൾ

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിൽ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ നടക്കുന്ന വിവിധ വികസന പദ്ധതികൾ എളുപ്പത്തിൽ പൂർത്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പ്രത്യേക സന്ദർശനം നടത്തും. പത്താംക്ലാസ്, പ്ലസ്ടു ക്ലാസുകളിലെ വിജയശതമാനം ഉയർത്തുക, സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുക, ഗോത്രമേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനായി വിവിധ വകുപ്പുകൾ സംയുക്തമായി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.