gold

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം വഴി 1.19 കോടിയുടെ 2,​647 ഗ്രാം സ്വർണ്ണ മിശ്രിതം കടത്താൻ ശ്രമിച്ച എയർലൈൻസ് ജീവനക്കാരൻ പിടിയിൽ. കസ്റ്റമർ ഏജന്റായ കരിപ്പൂർ കരുവാങ്കല്ല് സ്വദേശി മുഹമ്മദ് ഷമീം (35) ആണ് സി.ഐ.എസ്.എഫിന്റെ സ്ഥിരം സുരക്ഷാ പരിശോധനക്കിടെ പിടിയിലായത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ മൂന്ന് കവറുകളിലായി സൂക്ഷിച്ച സ്വർണ്ണമിശ്രിതം എയറോബ്രിഡ്ജിൽ വച്ച് ഷമീമിന് കൈമാറുകയായിരുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന സ്വർണ്ണക്കടത്ത് സംഘത്തിന് സ്വർണ്ണം കൈമാറുകയായിരുന്നു ലക്ഷ്യം. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഷമീമിനെ കസ്റ്റംസിന് കൈമാറി. ഒന്നര മാസത്തിനിടെ രണ്ടാംതവണയാണ് വിമാന ജീവനക്കാർ സ്വർണ്ണക്കടത്തിന് പിടിയിലാവുന്നത്.