malappuram
തിരൂർ റെയിൽവേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടർ

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തായി യാത്രക്കാരുടെ സൗകര്യാർത്ഥം സ്ഥാപിച്ച പുതിയ ടിക്കറ്റ് കൗണ്ടർ നോക്കുകുത്തിയാവുന്നു. കൊവിഡ് മഹാമാരിക്ക് മുമ്പ് തന്നെ കവാടവും ടിക്കറ്റ് കൗണ്ടറിന്റെയും കെട്ടിട നിർമാണം പൂർത്തിയാക്കി ചുവരിൽ വർണ്ണ ചിത്രങ്ങൾ ഒരുക്കി അതിമനോഹരമാക്കിയിരുന്നു. ടിക്കറ്റ് കൗണ്ടറിന്റെ ചിത്രം കേന്ദ്ര റെയിൽവേ മന്ത്രാലയം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായിരുന്നു. കെട്ടിടം നിർമാണം പൂർത്തീകരിച്ചു മൂന്ന് വർഷം പിന്നിട്ടപ്പോൾ പൂശിയ വർണങ്ങളുടെ നിറം മങ്ങിയതല്ലാതെ ഉദ്ഘാടനം നിർവഹിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തിരൂർ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള ബസ് സ്റ്റാന്റിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഉപകാരപ്രദമാവുന്ന രീതിയിലാണ് കെട്ടിട നിർമ്മാണവും കൗണ്ടറും സ്ഥാപിച്ച് നവീകരണം നടത്തിയത്. എന്നാൽ ഇതുവഴി യാത്രക്കാർക്ക് അകത്ത് പ്രവേശിക്കമെങ്കിലും ടിക്കറ്റ് കൗണ്ടർ തുടങ്ങാത്തതാണ് വിനയാകുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ തിരൂരിൽ ആയിരക്കണക്കിന് യാത്രക്കാരാണ് സ്ഥിരമായി വന്നു പോയിക്കൊണ്ടിരിക്കുന്നത്. മഞ്ചേരി,​ മലപ്പുറം ഭാഗത്തു നിന്ന് വരുന്ന യാത്രക്കാർക്ക് നഗരം ചുറ്റി വേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ. ഇതിന് ഒരു പരിഹാരം എന്നതിലാണ് പുതിയ ടിക്കറ്റ് കൗണ്ടർ കിഴക്കു ഭാഗത്ത് നിർമ്മിക്കാൻ തീരുമാനിച്ചത്. കിഴക്കുഭാഗത്ത് കൂടിവരുന്ന യാത്രക്കാർ വീണ്ടും ഒന്നാം ഫ്ളാറ്റ്‌ഫോമിൽ എത്തണമെങ്കിൽ ദീർഘദൂരം നടന്നുവേണം എത്താൻ. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ടിക്കറ്റ് കൗണ്ടറിനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടും കൗണ്ടർ ആരംഭിക്കാത്തതിൽ യാത്രക്കാർക്ക് കടുത്ത അമർഷമുണ്ട്. എത്രയും പെട്ടെന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു ടിക്കറ്റ് കൗണ്ടർ തുറന്നു കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.