bottle-booth

ഒറ്റപ്പാലം: ഉപയോഗിച്ച കുപ്പികൾ വഴിയരികിൽ കിടക്കില്ല. നിക്ഷേപിക്കാൻ വേണ്ടി പൊതുസ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് അമ്പലപ്പാറ പഞ്ചായത്ത്. അമ്പലപ്പാറയിലെ 20 വാർഡുകളിലെയും പ്രധാന കേന്ദ്രങ്ങളിലാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്. 3,​2​0,​000 രൂപ ചെലവഴിച്ചാണ് ബൂത്തുകൾ നിർമ്മിച്ചത്. പ്രത്യേക വലിപ്പത്തിൽ ഒരേ കളർ കോഡിലാണ് ബോട്ടിൽ ബൂത്തുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. 20 വാർഡുകളിലും 2 വീതം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നുണ്ട്. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ബൂത്തുകളിൽ നിക്ഷേപിയ്ക്കുകയും തുടർന്ന് ഹരിതകർമ്മസേന വഴി പ്രധാന എം.സി.എഫിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ബോട്ടിൽ ബൂത്തുകൾ വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനോടൊപ്പം പുതിയ ശുചിത്വ സംസ്‌കാരം വളത്തിയെടുക്കുകകൂടിയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എം.ബിന്ദു, എ.ഐ.സീനത്ത്, പി.മുഹമ്മദ് കാസിം, സെക്രട്ടറി എം.ഹരികൃഷ്ണൻ, നിർവഹണ ഉദ്യോഗസ്ഥൻ സി.രാഹുൽ എന്നിവർ സംസാരിച്ചു.