
ഷൊർണൂർ: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഷൊർണൂർ ബസ് സ്റ്റാൻഡ് പുനരുദ്ധരിക്കാൻ നഗരസഭയ്ക്ക് ഫണ്ടില്ല. സ്റ്റാൻഡ് നവീകരണത്തിനു വലിയ തുക വേണ്ടിവരുന്നതിനാൽ ബാദ്ധ്യത ഏറ്റെടുക്കാനും അധികൃതർക്ക് വയ്യ. വർഷങ്ങളായി യാതൊരു നവീകരണവും നടക്കാതെ കുണ്ടും കുഴികളുമായി കിടക്കുന്ന നഗരസഭാ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ മഴയെത്തിയതോടെ രൂക്ഷമായിരിക്കുകയാണ്. സ്കൂളുകളിലേക്കും കോളേജുകളിലേക്കും ജോലിക്കുമായി സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ നിത്യവും വന്നുപോകുന്ന സ്റ്റാൻഡിൽ വീഴാതെ നടക്കാൻ പോലും ഒരിടമില്ല.
ഓടകൾക്ക് മീതെ സ്ഥാപിച്ച സ്ലാബുകളിലെ കമ്പികൾ പുറത്തു കാണുന്ന തരത്തിലാണ്. പലയിടത്തും സ്ലാബുകൾ ദ്രവിച്ച് വീഴാറായ അവസ്ഥയിലുമാണ്. സ്റ്റാൻഡിൽ ആളുകൾ വിശ്രമിക്കുന്നിടത്തെ കോൺക്രീറ്റ് പാളികൾ എപ്പോൾ വേണമെങ്കിലും വീഴുമെന്ന നിലയിലാണ്. നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും എടുത്തിട്ടില്ല.
ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഇരിക്കാൻ വൃത്തിയുള്ള ഇരിപ്പിടമില്ല, ടോയ്‌ലെറ്റ് സംവിധാനവുമില്ല. നേരത്തെ പ്രവർത്തിച്ചിരുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും ടോയ്‌ലെറ്റുകൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പകരം ബസ് സ്റ്റാൻഡിന് പുറത്തായി നഗരസഭയുടെ നേതൃത്വത്തിൽ ടോയ്‌ലറ്റുകൾ സ്ഥാപിച്ചെങ്കിലും യഥാസമയം നവീകരിക്കാത്തതിനാൽ ഇവ വൃത്തിഹീനമായി കിടക്കുകയാണ്. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യ വിരുദ്ധരും മദ്യപാനികളും കൈയ്യടക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
നവീകരണം കടലാസിൽ
നഗരസഭയുടെ ബസ് സ്റ്റാൻഡ് നവീകരണ പദ്ധതികൾ വർഷങ്ങളായി കടലാസിൽ വിശ്രമിക്കുകയാണ്. ഷൊർണൂർ പഞ്ചായത്തായിരുന്ന കാലത്താണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. ഇന്നും അതേ കെട്ടിടത്തിലാണ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന വഴിയും ഇറങ്ങുന്ന വഴിയും സ്ലാബുകൾ പൊട്ടി അപകടാവസ്ഥയിലാണ്. ഫുട്പാത്തിൽ വഴിയോര കച്ചവടം തകൃതിയാണ്. ഇതോടെ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. നഗരസഭാ അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.