
പാലക്കാട്: നിർമ്മാണം പൂർത്തീകരിച്ച ഗവ.മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ ആരംഭിക്കാൻ ഇനിയും വേണം കോടികൾ. ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ മെഡിക്കൽ കോളേജിന് 70 കോടിയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കാൻ തന്നെ 202 കോടി രൂപ ആവശ്യമാണ്. ഉപകരണങ്ങൾ വാങ്ങിക്കുന്നതിന് നേരത്തെ ആവശ്യപ്പെട്ട 156 കോടിക്കു പുറമേയാണിത്. ഇത് ചൂണ്ടിക്കാണിച്ച് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്മെന്റ് സർക്കാരിന് കത്തെഴുതിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടുത്ത നാല് മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത വെല്ലുവിളിയാകുമെന്നാണ് കരാറുകാർ പറയുന്നത്.
ആദ്യഘട്ടമായി 100 കിടക്കകൾ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മേജർ ഓപ്പറേഷൻ തിയറ്ററും ഒരു മൈനർ ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒ.പി പ്രവർത്തനം കുറച്ചുകൂടി കാര്യക്ഷമമാക്കും. ഒ.പി പ്രവർത്തനം ആരംഭിക്കുന്നതിനായി ഒ.പി ബ്ലോക്ക് പൊതുമരാമത്ത് വകുപ്പ് കോളേജിന് കൈമാറിയെങ്കിലും അറ്റകുറ്റപ്പണികൾ ഇനിയും ബാക്കിയുണ്ട്. ഫാൾസ് സീലിംഗ് ഉൾപ്പെടെ നേരത്തെ നിർമ്മിച്ചതിനാൽ പല ഉപകരണങ്ങളും ഘടിപ്പിക്കുന്നതിൽ ഇരട്ടിപ്പണി വേണ്ടിവന്നു. വാർഡ്, ഓപ്പറേഷൻ ബ്ലോക്കുകളിൽ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ ഘടിപ്പിക്കേണ്ട വിഷയത്തിലും ഈ പ്രശ്നം ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. കെ.എം.സിഎല്ലാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാതെ ഫാൾസ് സീലിംഗ് ഘടിപ്പിച്ചാൽ പിന്നീട് മാറ്റേണ്ടിവരും. വിവിധ ജോലികൾ വിവിധ ഏജൻസികളാണ് നടത്തിവരുന്നത്. തുടർച്ച സ്വഭാവമുള്ള ജോലികളിൽ ഒരു ഏജൻസി വീഴ്ച വരുത്തിയാൽ മറ്റു പ്രവൃത്തികളെയെല്ലാം അതുബാധിക്കും. അത് കിടത്തിച്ചികിത്സ ആരംഭിക്കുന്നതു വൈകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. വിവിധ കരാറുകാർക്ക് കുടിശിക നൽകാനുണ്ടായിരുന്നു, ഈ പ്രശ്ന പരിഹരിക്കാൻ തുക ലഭ്യമാക്കിയിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും മുടങ്ങാതിരിക്കാൻ കൂടുതൽ ഫണ്ട് ആവശ്യമാണ്.