jaundice-

പാലക്കാട്: മഴക്കാലം പരിഗണിച്ച് മഞ്ഞപിത്ത രോഗത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഹെപ്പറ്റെറ്റീസ് എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. രോഗം പെട്ടന്നുതന്നെ മറ്റുള്ളവരിലേക്ക് പകരുന്നു. ഹെപ്പറ്റെറ്റീസ് എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും കരളിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള ബിലിറൂബിന്റെ അംശം രക്തത്തിൽ കൂടുകയും മഞ്ഞപ്പിത്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞ നിറത്തിലുള്ള മൂത്രം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം, ഇരുണ്ട നിറത്തിലുളള മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗം പകരും. ലക്ഷണങ്ങൾ നോക്കിയും ലാബ് പരിശോധനയിലൂടെയും മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കാം. സാധാരണഗതിയിൽ ഒരാഴ്ചകൊണ്ട് രോഗം മാറും. വളരെ കുറച്ച് വ്യക്തികൾക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശിച്ചുള്ള ചികിത്സ ആവശ്യമായി വരികയുള്ളൂ.

പ്രതിരോധമാർഗങ്ങൾ

 പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക.

 കുട്ടികളുടെ മലം തുറസായ സ്ഥലം, കുളിമുറി, വാഷ് ബെയിസിൻ എന്നിവിടങ്ങളിൽ ഉപേക്ഷിക്കാതെ കക്കൂസിൽ മാത്രം സംസ്‌കരിക്കുക.

 ഛർദ്ദി ഉണ്ടെങ്കിൽ കക്കൂസിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുക.
 കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക(1000 ലിറ്റർ വെള്ളത്തിന് -ഒരു റിംഗ്) 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന അനുപാതത്തിൽ).

 ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുതിനും മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻഡ് കഴുകി അണുവിമുക്തമാക്കുക.

 ഭക്ഷണ പദാർത്ഥങ്ങൾ മൂടിവെയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക.

 രോഗബാധിതരായവർ ഭക്ഷണം പാകം ചെയ്യാതിരിക്കുക.

 രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക, ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.

 രോഗി ഉപയോഗിച്ച പാത്രങ്ങൾ, തുണി എന്നിവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുകയും പുനഃരുപയോഗമുളള തുണി, പാത്രങ്ങൾ എന്നിവ അണുനശീകരണം നടത്തിയതിന് ശേഷം ഉപയോഗിക്കുകയും ചെയ്യുക.

മഞ്ഞപിത്തത്താൽ ഉണ്ടാവുന്ന പനി മാറുന്നതിന് ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളിക കഴിക്കരുത്. സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ തേടരുത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടുക, സ്വയം ചികിത്സ പാടില്ല.

ജില്ലാ ആരോഗ്യ വകുപ്പ്