
കൊല്ലങ്കോട്: കൊല്ലങ്കോട് പഞ്ചായത്ത് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല, പി.കെ.ഡി യു.പി സ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ബഷീർ സ്മൃതി സദസ് സംഘടിപ്പിച്ചു. പി.കെ.ഡി യു.പി സ്‌കൂളിൽ നടന്ന പരിപാടി കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ കെ.കെ.പല്ലശന അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാന അദ്ധ്യാപിക സിനി അദ്ധ്യക്ഷത വഹിച്ചു. ജിജി, ഗോപി എന്നിവർ പങ്കെടുത്തു. കെ.കെ.പല്ലശന എഴുതിയ രണ്ട് ബാലസാഹിത്യ കൃതികൾ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ സ്‌കൂൾ വിദ്യാർത്ഥികളായ അഹല്യ, ശ്രീരാഗ് എന്നിവർക്ക് നൽകി പ്രകാശനം നിർവഹിച്ചു. തുടർന്ന് കുട്ടികൾ ബഷീർ കഥകളുടെ പാരായണം, ബഷീർ കൃതികളിലെ പ്രശസ്ത കഥാപാത്രങ്ങളുടെ ആവിഷ്‌കരണം, ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ലഘു നാടകം അവതരണം എന്നിവ നടത്തി.