death

പാലക്കാട്: പാലക്കാട് ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആറംഗ സംഘത്തിലുണ്ടായിരുന്ന ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു. ധോണി, മായാപുരം പെരുന്തുരുത്തിക്കളം വീട്ടിൽ ആർ. ശിവരാമനെയാണ് (60) വയലിൽ ചവിട്ടിത്താഴ്‌ത്തിയത്. വിവരം പറയാൻ വിളിച്ച നാട്ടുകാരോട് എന്തിന് ആ സമയത്ത് നടക്കാൻ പോയതെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം.

ഇന്നലെ പുലർച്ചെ 5.30ന് ഉമ്മനി ഹൈസ്‌കൂളിന് സമീപം പൈറ്റാംകുന്ന് പള്ളിക്കടുത്തുള്ള പ്രധാന റോഡിലായിരുന്നു സംഭവം. ശിവരാമനും സമീപവാസിയും സുഹൃത്തുമായ രാജേഷുമാണ് മുന്നിൽ നടന്നത്. അതിനിടെ അപ്രതീക്ഷിതമായി റോഡിലിങ്ങിയ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ശിവരാമനും രാജേഷും തിരിഞ്ഞോടിയെങ്കിലും ആന പിന്തുടർന്നു. തുടർന്ന് ഇരുവരും റോഡിന് ഇരുവശത്തുമുള്ള വയലിലേക്കോടി. എന്നാൽ ശിവരാമൻ വയലിലേക്ക് ഇറങ്ങും മുമ്പ് കാട്ടാന തട്ടിത്തെറിപ്പിച്ചു. വയലിലേക്ക് വീണ ശിവരാമനെ ആന ചെളിയിൽ ചവിട്ടി പൂഴ്‌ത്തുകയായിരുന്നു. രാജേഷ് മറുവശത്തെ വയലിലേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു.
പിന്നാലെ എത്തിവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആന ശിവരാമനെ ഉപേക്ഷിച്ച് വയലിലൂടെ ഓടിപ്പോയി. നാട്ടുകാർ വിവരമറിച്ചെങ്കിലും വനംവകുപ്പ് ഉദ്യോഗർ എത്താൻ വൈകി. തുടർന്ന് ഓട്ടോറിക്ഷയിൽ ശിവരാമനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സത്യഭാമ. മകൻ: അഖിൽ. മരുമകൾ: സ്വാതി. ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

 ആക്രമിച്ചത് 'പി.ടി- 7"
ധോണി മേഖലയിൽ നാശംവിതച്ചിരുന്ന പി.ടി- 7 (പാലക്കാട് തസ്‌ക്കർ) എന്ന് വനംവകുപ്പ് രേഖപ്പെടുത്തിയ കാട്ടാനയാണ് ശിവരാമനെ അക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നുദിവസമായി മേഖലയിൽ ആനയുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ ആക്രമിച്ചത് പി.ടി- 7 അല്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാരോപിച്ച് ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ നാട്ടുകാർ റോഡുപരോധിച്ചു. വനംവകുപ്പ് നടപടിക്കെതിരെ പാലക്കാട് ഡി.എഫ്.ഒ ഓഫീസ് സി.പി.എം ഉപരോധിച്ചു. സംഭവത്തെ തുടർന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിൽ സി.പി.എം ഹർത്താലും നടത്തി. എ. പ്രഭാകരൻ എം.എൽ.എ, ആർ.ഡി.ഒ ഡി. അമൃതവല്ലി, ഡി.എഫ്.ഒ കുറ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടിവയ്‌ക്കാനും പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

'സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കും. സംഭവശേഷം പ്രതിഷേധാർഹമായ മറുപടി ഉദ്യോഗസ്ഥർ നൽകിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കും".

- എ.കെ. ശശീന്ദ്രൻ, വനം മന്ത്രി