
ചെർപ്പുളശ്ശേരി: ചളവറ- കയിലിയാട് റോഡിൽ ഭാര വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. കഴിഞ്ഞ ദിവസം ഇടൂർകുന്ന് ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തിലാണ് നിരോധനം. ഭാരം കയറ്റിവന്ന ടോറസ് ലോറി ഈ ഭാഗത്ത് പാടത്തേക്ക് മറിഞ്ഞിരുന്നു. വാഹനങ്ങൾ മുണ്ടക്കോട്ടുകുറുശ്ശി വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി ഷൊർണൂർ റോഡ് വിഭാഗം അസി.എൻജിനീയർ അറിയിച്ചു. സംരക്ഷണ ഭിത്തി തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുമെന്നും പൊതുമരാമത്ത് വിഭാഗം അറിയിച്ചു.