
പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധമിരമ്പി. ധോണി മായാപുരം പെരുന്തുരുത്തിക്കളം വീട്ടിൽ ആർ.ശിവരാമൻ (60) അതിദാരുണമായി മരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാരോപിച്ച് നാട്ടുകാർ ഉൾപ്പെടെ സി.പി.എം, ബി.ജെ.പി പ്രവർത്തകർ തെരുവിലേക്കിറങ്ങി പ്രതിഷേധിച്ചു. പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കാട്ടാന ശല്യം പതിവാണെന്നും പലപ്രാവശ്യം ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം രണ്ട് പഞ്ചായത്തുകളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ ഹർത്താൽ സംഘടിപ്പിച്ചു. ഹർത്താലിൽ പഞ്ചായത്തുകളിലെ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു.
ശിവരാമനെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ ഇക്കാര്യം നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും റോഡിലൂടെ എന്തിന് നടക്കാനിറങ്ങിയെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്. മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും സി.പി.എം പ്രവർത്തകരും ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു. ബി.ജെ.പിയുടെ റോഡ് ഉപരോധം ഉൾപ്പെടെ സമരം ശക്തമായതോടെ എ.പ്രഭാകരൻ എം.എൽ.എ, ആർ.ഡി.ഒ ഡി.അമൃതവല്ലി, ഡി.എഫ്.ഒ കുറ ശ്രീനിവാസ് എന്നിവർ സ്ഥലത്തെത്തുകയും സമരക്കാരുമായി ചർച്ച നടത്തുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് പുറമെ കാട്ടാന ശല്യത്തിന് ശശ്വാത പരിഹാരമായി മയക്കുവെടി വെയ്ക്കാൻ നടപടിയെടുക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കൂടാതെ ഇനിമുതൽ കാട്ടാനയിറങ്ങിയാൽ മൈക്ക് പ്രചരണം നടത്തി പരിസരവാസികളെ അറിയിക്കുന്നതിന് പുറമെ പ്രദേശത്ത് പട്രോളിംഗും ശക്തമാക്കാനും ചർച്ചയിൽ തീരുമാനമാനിച്ചു. ധോണി പൈറ്റാംകുന്ന് വനാതിർത്തി പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. എന്നാൽ ജനവാസമേഖയിൽ ഇത്തരത്തിൽ അപകടം സംഭവിക്കുന്നത് ആദ്യമായാണെന്നാണ് നാട്ടുകാർ പറഞ്ഞു.
സി.പി.എം നടത്തിയ ഉപരോധ സമരത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, എ.പ്രഭാകരൻ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം പി.എ.ഗോകുൽദാസ്, ഏരിയ സെക്രട്ടറി സി.ആർ.സജീവ്, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ബിന്ദു എന്നിവർ പങ്കെടുത്തു.
ബി.ജെ.പി പ്രവർത്തകർ റെയിൽവേ കോളനി റോഡ് ഉപരോധിച്ചു. മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത്, അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധീർ കല്ലേക്കുളങ്ങര, സോഹൻ, അജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തത്. സമരം ശക്തമായതിനെ തുടർന്ന് പ്രവർത്തകരെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ശിവരാമന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു.
ശിവരാമന്റെ മരണത്തിന് ഉത്തരവാദി എം.എൽ.എയും വനംവകുപ്പുമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വനംവകുപ്പ് ഓഫീസിന് മുമ്പിൽ നടത്തിയ സി.പി.എം സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതും പരിഹാസവുമാണ്. മരിച്ച ശിവരാമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും സർക്കാർ നൽകണമെന്നും വനമേഖലക് ചുറ്റും ഫെൻസിംഗ് ഉറപ്പുവരുത്താനും മലമ്പുഴ എം.എൽ.എ പ്രഭാകരൻ തയ്യാറാവണം. നടപടികൾ വേഗത്തിലായില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവരുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് പറഞ്ഞു.