
പാലക്കാട്: മഴ ശക്തമായതോടെ പ്രളയം, ഉരുൾപൊട്ടൽ എന്നിങ്ങനെയുള്ള മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ മുൻകരുതലുമായി അഗ്നിശമനസേന. നിലവിൽ മഴയിൽ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഇല്ല. പക്ഷേ, മഴ കൂടുതൽ ശക്തി പ്രാപിച്ചാൽ ഏതുസമയത്തും അപകടങ്ങളുണ്ടാകാം, ഈ സഹാചര്യത്തിലാണ് അഗ്നിശമനസേന ജനങ്ങൾക്ക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നത്. ജില്ലയിലെ പത്ത് സ്റ്റേഷനുകളിലും 50 വീതം 500 സിവിൽ ഡിഫൻസ് വളന്റിയർമാരും സജ്ജമാണെന്ന് അധികൃതർ പറഞ്ഞു. മുൻകാലങ്ങളിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ, ചെരിഞ്ഞ പ്രദേശങ്ങളുടെ താഴ്ന്നഭാഗം, മണ്ണിട്ടുമൂടിയ ചെരിഞ്ഞ പ്രദേശങ്ങളുടെ മുകൾഭാഗം എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സേനയുടെ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 101, 0491-2505701.
മുന്നറിയിപ്പ്
മുമ്പ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കുവാൻ ശ്രമിക്കുക.
മഴ പെയ്തു കൊണ്ടിരിക്കുമ്പോൾ ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികിലേക്ക് പോകരുത്.
വെള്ളക്കെട്ടുള്ള സ്ഥലത്തേക്ക് വാഹനങ്ങളിൽ യാത്രപോകുന്നത് ഒഴിവാക്കുക.
വെള്ളക്കെട്ടിലൂടെ നടന്നുപോകുമ്പോൾ നീളമുള്ള കമ്പോ, വടിയോ ഉപയോഗിച്ച് ആഴം നോക്കിയശേഷം മാത്രം മുന്നോട്ടുപോകുക.
വൈദ്യുതി കമ്പികൾ പൊട്ടികിടക്കുന്ന സ്ഥലങ്ങളിലൂടെ നടന്നുപോകരുത്. മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസികയാത്രകളും ഒഴിവാക്കുക.
നിലവിലെ 500 സിവിൽ ഡിഫൻസ് വളന്റിയർമാരെ കൂടാതെ വീണ്ടും ഓരോ സ്റ്റേഷനുകളിലും 50 പേരെകൂടി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. പരിശീലനം പൂർത്തിയാകുന്നതോടെ ഓരോ സ്റ്റേഷന് കീഴിലും 100 വളന്റിയർമാർ സജ്ജമാകും. ബോട്ടിംഗ് പരിശീലനവും ഇവർക്ക് നൽകുന്നുണ്ട്.
ടി.അനൂപ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.