
പാലക്കാട്: ധോണിയിൽ കഴിഞ്ഞദിവസം പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്ന് വയനാട് മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ എത്തിച്ച് കാട്ടാനകളെ കാടുകയറ്റാൻ വനംവകുപ്പിന്റെ ശ്രമം. 'പ്രമുഖ് 'എന്ന കുങ്കിയാനയെയാണ് ഇന്നലെ രാവിലെ അഞ്ചിന് ധോണിയിലെത്തിച്ചത്. ഇതിനു മുമ്പ് കാട്ടാന ശല്യം രൂക്ഷമായപ്പോൾ, അഗസ്ത്യൻ എന്ന കുങ്കിയാനയെ കൊണ്ടുവന്നിരുന്നെങ്കിലും അത് കാട്ടാനകളുമായി സൗഹൃദത്തിലായതോടെ ശ്രമം പാഴായി.
പുതിയ കുങ്കിയാനയെ ഉപയോഗിച്ച് കാട്ടാനയെ ഏത് വഴിക്കാണ് കാട്ടിലേക്ക് കൊണ്ടുപോകേണ്ടതെന്നും തിരിച്ചുവരാതിരിക്കാൻ എത്ര ദൂരം വനത്തിനുള്ളിലേക്ക് കൊണ്ടുപോകണമെന്നും ഉൾപ്പെടെയുള്ള വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷം നടപടി തുടങ്ങുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ധോണിയിലും പരിസരത്തും പട്രോളിംഗ് ശക്തമാക്കാനും കറങ്ങി നടക്കുന്ന കാട്ടാനകളെ മയക്കു വെടിവെച്ച് പിടികൂടി ആനവാസ കേന്ദ്രത്തിലേക്ക് മാറ്റാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.അനുമതിക്കായി വനം വകുപ്പ് മേലധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എ.പ്രഭാകരൻ എം.എൽ.എ, പാലക്കാട് ഡി.എഫ്.ഒ കുറ ശ്രീനിവാസ്, ആർ.ഡി.ഒ ഡി.അമൃതവല്ലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനം.