toddy

ചിറ്റൂർ: കള്ള് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളുടെയും എക്‌സൈസ് വകുപ്പിൽ കണ്ടെത്തിയ അഴിമതികളുടെയും ഭാഗമായി ചിറ്റൂർ മേഖലയിലെ കള്ള് ഉത്പാദനം സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാൻ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തും. ഇതിന്റെ മുന്നോടിയായി ചിറ്റൂർ മേഖലയിലെ ആറ് പഞ്ചായത്തുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ പ്രാരംഭ കണക്കെടുപ്പ് ആരംഭിച്ചു. കള്ള് ഉത്പാദനം സംബന്ധിച്ച് കണക്കുകളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൃത്യതയും വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ തെങ്ങിൻ തോപ്പുകളിൽ സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ കൂടിയാലോചന യോഗം ചേർന്നു. ഓരോ വാർഡിലും വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ മൂന്നുവീതം കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചാണ് സർവേ നടത്തുകയെന്ന് യോഗത്തിൽ ജോയിന്റ് എക്‌സൈസ് കമ്മിഷണർ സാനു പറഞ്ഞു. എന്നാൽ, വിവരശേഖരണം നടത്തുന്നവർക്ക് നൽകേണ്ട പ്രതിഫലം സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല. യോഗത്തിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എ.രാമചന്ദ്രൻ (എച്ച്.എം.എസ്), സി.ബാലൻ (സി.ഐ.ടി.യു), ലൈസൻസി അസോസിയേഷൻ പ്രസിഡന്റ് രവീന്ദ്രൻ, ഡെപ്യൂട്ടി കമ്മിഷണർ ജയപാലൻ, പാലക്കാട് എക്‌സൈസ് സി.ഐ സതീഷ്, വിവിധ ഷാപ്പ് ലൈസൻസികൾ എന്നിവർ പങ്കെടുത്തു.

 ശേഖരിക്കുന്ന വിവരങ്ങൾ

1.ഓരോ തോപ്പിലും ആകെയുള്ള തെങ്ങുകൾ

2.ചെത്തുന്ന തെങ്ങുകൾ

3.മാർക്ക് ചെയ്ത തെങ്ങുകൾ

4.വൃക്ഷ കരം അടച്ച തെങ്ങുകൾ

5.ഉടമയുടെ പേര്, വിലാസം, ഫോൺ നമ്പർ

6.ചെത്തുന്ന തൊഴിലാളിയുടെ പേര്

7.ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികൾ

8.തദ്ദേശീയ തൊഴിലാളികൾ, മറ്റ് ജില്ലകളിലെ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ

9.ലൈസൻസി / പ്രതിനിധിയുടെ പേര്, ഫോൺ നമ്പർ