
മലമ്പുഴ: അമ്മയോടൊപ്പം കട്ടിലിൽ കിടന്നുറങ്ങവേ വീടിന്റെ മേൽക്കൂരയിൽ നിന്ന് മുഖത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് നാലു വയസുകാരന് ദാരുണാന്ത്യം. മലമ്പുഴ അകമലവാരം ആനക്കല്ല് വലിയകാട്ടിൽ രവീന്ദ്രന്റെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ 3ന് അമ്മ ബബിതയുടെ മലമ്പുഴ വാരണി കുനുപ്പുള്ളിയിലെ വീട്ടിലാണ് സംഭവം. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണ് ശംഖുവരയൻ പാമ്പ് വീണത്. മുക്കിലാണ് കടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോൾ മൂക്കിൽ ചോരപ്പാട് കണ്ടു.
കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്. കൊട്ടേക്കാട് കാളിപ്പാറ വി.കെ.എൻ എൽ.പി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്. ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് കൃഷ്ണയാണ് സഹോദരൻ. കട്ടിലിന് അടിയിൽ നിന്ന് കണ്ടെത്തിയ പാമ്പിനെ തല്ലിക്കൊന്നു.