veg

പാലക്കാട്: പൊതുവിപണിയിൽ വിൽക്കുന്ന പച്ചമുളക്, കാപ്സികം, സാമ്പാർ മുളക്, ബജി മുളക്, കറിവേപ്പില, മല്ലിയില, പുതിനയില എന്നിവയിൽ കീടനാശിനിയുടെ അംശം നിർദ്ദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവയിലും, ജൈവ പച്ചക്കറികൾ എന്ന ലേബലിൽ വിൽക്കുന്ന പയർ, ചുവന്ന ചീര, പാവയ്ക്ക, കാബേജ്, കോളിഫ്ളവർ, ബീൻസ്, സലാഡ് വെള്ളരി എന്നിവയിലും വിഷാംശത്തിന്റെ തോത് ഉയർന്നതായി കണ്ടെത്തി.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തിക്കുന്ന പച്ചക്കറികളിലാണ് കൂടുതലായി രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഉള്ളതെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുളക് കഴുകി ഉണക്കി പൊടിക്കാത്തതിനാൽ രാസവസ്തുക്കളുടെ അംശം പൊടിയിലെത്തും. മുളക് സൂക്ഷിക്കുന്ന ഗോഡൗണിന്റെ തറയിലും ചുമരിലും കീടനാശിനി തളിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞമാസം 8 കേസുകൾ എടുത്തിട്ടുണ്ട്. വാളയാർ ചെക്പോസ്റ്റ്, ഒറ്റപ്പാലം, നെന്മാറ, ആലത്തൂർ, തൃത്താല, ചിറ്റൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

വെള്ളായണി കാർഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ ഗവേഷണ പരിശോധന ലബോറട്ടറിയിൽ 'സേഫ് ടു ഈറ്റ് പദ്ധതി' പ്രകാരം നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ പച്ചക്കറികളിൽ 27.92 ശതമാനവും, സുഗന്ധവ്യഞ്ജനങ്ങളിൽ 11.76 ശതമാനവും കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പൊതുവിപണി, കൃഷിയിടങ്ങൾ, ജൈവ ഉത്പന്ന കടകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഷോപ്പുകൾ എന്നിവിടങ്ങളിലെ സാംപിളുകളാണു ശേഖരിച്ചത്. 602 ഭക്ഷ്യവസ്തു സാംപിളുകൾ പരിശോധിച്ചതിൽ 157 എണ്ണത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി.

പൊതുവിപണിയിൽനിന്നു ശേഖരിച്ച 5 ഇനത്തിൽപ്പെടുന്ന പഴവർഗങ്ങളിൽ ഒരെണ്ണത്തിൽ പോലും വിഷാംശം കണ്ടെത്താനായില്ല. പൊതുവിപണിയിലെ പച്ചച്ചീര, നേന്ത്രൻ, ചേമ്പ്, ചേന, ഇഞ്ചി, ചുവന്നുള്ളി, ഉരുളൻകിഴങ്ങ്, മാങ്ങ, വെളുത്തുള്ളി, വാളരി പയർ, മത്തൻ, ശീമച്ചക്ക, കൈതച്ചക്ക, തണ്ണിമത്തൻ, പഴം, കൂവരക്, സോയ എന്നിവ സുരക്ഷിതമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.