പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസൻ വധക്കേസിൽ അന്വേഷണസംഘം പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 26 പ്രതികളിൽ 25 പേരെയും പൊലീസ് പിടികൂടിയിരുന്നു. വിദേശത്തേക്ക് കടന്നത് മുഖ്യപ്രതികളിലൊരാളാണ്.നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് തുടരുകയാണ്.

കേസിൽ 279 സാക്ഷികളുണ്ട്. 293 രേഖകളും 282 തെളിവുകളും കോടതിയിൽ ഹാജരാക്കി. 1607 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

കൊലപ്പെടുത്താനുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യ കൊലപാതകമായാണ് പൊലീസ് ശ്രീനിവാസൻ വധത്തെ വിലയിരുത്തുന്നത്.

കഴിഞ്ഞ എപ്രിൽ 16ന് ഉച്ചയ്ക്കാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽക്കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് സുബൈറിനെ വെട്ടിക്കൊന്നതിലുള്ള പ്രതികാരക്കൊലയാണ് ശ്രീനിവാസന്റേതെന്നാണ് കേസ്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറ് കൊലയാളികൾ കടയ്ക്കുള്ളിൽ ഓടിക്കയറി വെട്ടുകയായിരുന്നു.