
പാലക്കാട്ടെ വനാതിർത്തികളിൽ ആനക്കലിയിൽ ഒന്നിന് പിറകെ ഒന്നായി ജീവനുകൾ പൊലിയുമ്പോഴും പ്രതിരോധമാർഗങ്ങൾ ഫലം കാണുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പ്രഭാത സവാരിക്കിറങ്ങിയ ഏഴംഗ സംഘത്തിലെ ശിവരാമൻ എന്നയാളെ ധോണിയിൽവച്ച് കാട്ടാന ചവിട്ടിക്കൊന്നത്. പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ സംഘം കാട്ടാനയെക്കണ്ട് ചിതറിയോടി. പക്ഷേ, ശിവരാമനെ പിന്തുടർന്നുവന്ന ആന ആക്രമിക്കുകയായിരുന്നു.
കുഞ്ഞുമക്കൾ ദിവസേന സ്കൂളിലേക്കും മറ്റും നടന്നുപോകുന്ന റോഡിലാണ് പാലക്കാട് ടസ്ക്കർ 7 ( പി.ടി 7) എന്ന് വനംവകുപ്പ് പേരിട്ടിട്ടുള്ള കാട്ടാന മനുഷ്യജീവനെടുത്തത്. രാവിലെയും വൈകിട്ടും ട്യൂഷനും മറ്റുമായി കുട്ടികൾ പോകുന്ന പാതയാണിത്. ഉമ്മിനി ഗവ. ഹൈസ്‌കൂൾ അപകടം നടന്ന സ്ഥലത്തുനിന്ന് 200 മീറ്റർ മാത്രം അകലെയാണെങ്കിൽ ഹേമാംബിക കേന്ദ്രീയ വിദ്യാലയത്തിലേക്ക് അരകിലോമീറ്റർ ദൂരമേയുള്ളൂ. കഞ്ചിക്കോട് കേന്ദ്രീയവിദ്യാലയ പരിസരത്തും ആന ഭീഷണി നിലനിൽക്കുന്നുണ്ട്. സൗരോർജ്ജവേലി, തൂക്കുസൗരോർജ വേലി തുടങ്ങിയ പ്രതിരോധമാർഗങ്ങൾ ഉണ്ടെന്നു വനംവകുപ്പ് പറയുമ്പോഴും നാട്ടിൽ പതിവുകാരാകുന്ന കാട്ടാനകളുടെ എണ്ണം ദിവസംതോറും ഉയരുന്നു. സൗരോർജ്ജവേലികൾ പലയിടത്തും പരിപാലിക്കുന്നില്ല. അടിക്കാടുകൾ വെട്ടിമാറ്റാത്തതും തെരുവുവിളക്കുകൾ ഇല്ലാത്തതും കാട്ടാനകൾ നാട്ടിലിറങ്ങാൻ കാരണമാകുന്നു. വന്യമൃഗശല്യം പരിഹരിക്കാൻ ജനപ്രതിനിധികൾ ശക്തമായി ഇടപെടുന്നില്ലെന്ന പരാതിയും ശക്തം.
500 - 600 ആനകളെ മാത്രം ഉൾകൊള്ളാൻ കഴിയുന്ന കേരളത്തിലെ വനങ്ങളിൽ 6000 ത്തിൽ അധികമായി ആനകൾ പെരുകിയിരിക്കുന്നതായി കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചൂണ്ടിക്കാട്ടുന്നു. വനത്തിന് ഉൾകൊള്ളാൻ പറ്റാത്ത തരത്തിൽ ആനകൾ പെരുകിയതാണ് ഈയടുത്ത കാലത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. വനംവകുപ്പ് മാത്രം ഇതൊന്നും അറിഞ്ഞമട്ടില്ല. വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 11 എ ഉപയോഗിച്ച് മനുഷ്യ ജീവനെടുക്കുന്ന കൊലയാളി ആനകളെ ഉടനടി കൊല്ലണം. സോളാർ വേലി, ട്രെഞ്ച് തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. ഇക്കാര്യം വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കും നമ്മുടെ രാഷ്ട്രീയക്കാർക്കും മനസിലാകണമെങ്കിൽ ആനക്കലിയിൽ ഇനിയെത്ര ജീവൻ പൊലിയണമെന്ന് കിഫ നേതൃത്വം ചോദിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ധോണി മേഖലയിൽ ആനയുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ധോണിയിൽ രണ്ട് മാസം മുമ്പ് വളർത്തു മൃഗങ്ങളെ പിടിച്ചതിനെ തുടർന്നു വനപാലകർ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അതിന് ഏതാനും മാസം മുമ്പ് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് രണ്ട് പുലിക്കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. അന്ന് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് ആൺപുലി. അമ്മപ്പുലി എവിടെയെന്ന ചോദ്യം ബാക്കിയായി. ഇനിയും ഒരു ജീവൻ പൊലിയാൻ ഇടവരുത്തരുത്താതെ അടിയന്തരവും ശാശ്വതവുമായ പരിഹാരമാണ് ഈ ജനതയ്ക്ക് വേണ്ടത്.
പാഴ്വാക്കായി
റേഡിയോ കോളർ
വാളയാർ, കഞ്ചിക്കോട്, ധോണി, മലമ്പുഴ, മുട്ടിക്കുളങ്ങര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആക്രമണകാരികളായ കാട്ടാനകളെ മയക്കുവെടിവച്ചു പിടികൂടി റേഡിയോ കോളർ പിടിപ്പിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് ആനത്താരകളിലൂടെ തന്നെ 'കാടുകയറി.' കഞ്ചിക്കോട് വലിയേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ടപ്പോൾ റേഡിയോ കോളർ ഘടിപ്പിച്ച് ആനകളെ നിരീക്ഷിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. ഇപ്പോൾ ശിവരാമന്റെ മരണത്തിനു ശേഷം നടന്ന ചർച്ചയിലും ശല്യക്കാരായ ആനകളെ മയക്കുവെടിവച്ച് പിടിച്ച് റേഡിയോ കോളർ ഘടിപ്പിക്കുമെന്ന പലവട്ടം ലംഘിക്കപ്പെട്ട ഉറപ്പുതന്നെയാണ് വനംവകുപ്പ് നൽകിക്കൊണ്ടിരിക്കുന്നത്.
കാട്ടാനകളെ പ്രതിരോധിക്കാനുള്ള ശാശ്വത മാർഗമായാണ് റെയിൽവേലി നിർമ്മിക്കാൻ തീരുമാനിച്ചത്. കാട്ടാനകൾ റെയിൽവേ ട്രാക്കിലേക്കു കടക്കുന്നതു തടയാനും ഇതുവഴി ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് നിയന്ത്രിക്കാനും സാധിക്കുമായിരുന്നു. വനംവകുപ്പും റെയിൽവേയും ഏകോപിച്ചാണ് പദ്ധതി നടപ്പാക്കാനിരുന്നത്. ഇതിനായി വാളയാർ മുതൽ വേനോലി വരെ സർവേ ഉൾപ്പെടെ പൂർത്തിയായെങ്കിലും വകുപ്പുകളുടെ തമ്മിലടി കാരണം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
കാട് ഇറങ്ങിയെത്തി നാട്ടിൽ നാശംവിതയ്ക്കുന്ന കാട്ടാനകളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങൾ ഇപ്പോഴും പേരിനു മാത്രം. ആനയെത്തിയാൽ നാട്ടുകാരും നിരീക്ഷണത്തിനുള്ള വാച്ചർമാരും വാട്‌സാപ് ഗ്രൂപ്പിലൂടെയും ഫോണിലൂടെയുമാണ് സന്ദേശം നൽകുക. മൈക്ക് അനൗൺസ്‌മെന്റ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതിരോധിക്കാൻ പടക്കം മാത്രം
കാടിറങ്ങുന്ന കാട്ടാനകളെ ഉടൻ തിരിച്ചു കയറ്റാൻ യഥാസമയം പലപ്പോഴും വനംവകുപ്പിന്റെ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചില വനം ഉദ്യോഗസ്ഥർ കൃഷിക്കാരുടെയും നാട്ടുകാരുടെയും ദുരിതം പരിഹരിക്കാൻ കാര്യമായി സഹകരിക്കുന്നതാണ് ഏകആശ്വാസം. ആനകളെ തുരത്താൻ വാച്ചർമാരുടെ കൈയ്യിലുള്ളത് കുറച്ച് ഏറു പടക്കങ്ങളും പന്തങ്ങളും മാത്രം. ജീവൻ കൈയ്യിലെടുത്താണ് വാച്ചർമാരും ജോലി ചെയ്യുന്നത്. അവരുടെ ദുരിതങ്ങളും കാണാതെ പൊയ്ക്കൂടാ...
വനം വകുപ്പ് ജീവനക്കാരുടെ
വീഴ്ച അന്വേഷിക്കും
ധോണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ശിവരാമനെന്ന വ്യക്തി കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വീഴ്ചയോ മോശം പെരുമാറ്റമോ ഉണ്ടായോ എന്ന് അന്വേഷിക്കും. കാട്ടാനശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
അഞ്ചാണ്ടിൽ ആറ് ജീവൻ
ഈ സമീപകാലത്ത് ഏറ്റവുമധികം വന്യമൃഗ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്ന് പാലക്കാടാണ്. കാട്ടാനശല്യം രൂക്ഷമായ ഒട്ടേറെ വനയോരമേഖലകൾ ജില്ലയിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാട്ടാന എടുത്തത് വിലപ്പെട്ട ആറ് ജീവനുകളാണ്. ഇത് പാലക്കാട് ഡിവിഷനിലെ മാത്രം കണക്കാണ്. 13 പേരാണ് പരിക്കേറ്റു ചികിത്സയിലുള്ളത്. ഇവരിൽ രണ്ട് വാച്ചർമാരും ഉൾപ്പെടുന്നുണ്ട്.
2017 ജൂലായ് 21: ആറങ്ങോട്ടു കുളമ്പിൽ ഐ.എം.എ ജീവനക്കാരൻ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2018 നവംബർ: വാളയാർ നടുപ്പതിയിൽ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
2019 ജൂൺ: ഇഷ്ടിക ചൂളയിൽ പണിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.
2020 ജനുവരി: പുതുശ്ശേരി വല്ലടിയിൽ കർഷകൻ പാടത്തു നിന്നു മടങ്ങുന്നതിനിടെ കാട്ടാനയുടെ കുത്തേറ്റ് മരിച്ചു.
2021 മേയ് 26: കഞ്ചിക്കോട് വലിയേരിയിൽ വിറകു ശേഖരിക്കാൻ പോയ വീട്ടമ്മ കൊല്ലപ്പെട്ടു.
2022 ജൂലായ് 8: പ്രഭാത സവാരിക്കിറങ്ങിയ ആൾ ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.