
പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും ഇന്നലെ ജില്ലയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടം സംഭവിച്ചു.
കഞ്ചിക്കോട്,ചിറ്റൂർ,അഗളി,ചെർപ്പുളശ്ശേരി,മണ്ണാർക്കാട് മേഖലയിൽ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു മുകളിലേക്ക് മരം പൊട്ടിവീണു. പുതുശ്ശേരി ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ മരം കടപുഴകി വീണത് അപകടഭീഷണിയായി. ഇന്നലെ രാവിലെ പത്തുമണിക്കാണ് സംഭവം.10.45ന് പുതുശ്ശേരിരാമശ്ശേരി റോഡിൽ നീലിക്കാട് രവി ഭഗവതിപട്ടം എന്നയാളുടെ പറമ്പിലെ തെങ്ങ് റോഡിനു കുറുകെ പൊട്ടിവീണ് ഗതാഗത തടസപ്പെട്ടു. എലപ്പുള്ളി പഞ്ചായത്തിലെ താഴെ പോക്കാൻതോട് കഞ്ചിക്കോട് മേനോൻപാറ മെയിൻ റോഡിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വലിയ തേക്കുമരം, മൂർത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള മരം എന്നിവയും കടപുഴകി. ഇതോടെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്നിശമന നിലയം ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.സുഭാഷ്, ഡി. സജിത്ത്, കെ.രാജേഷ്, മുജീബ് റഹ്മാൻ, ഹോംഗാർഡ് വി.രാധാകൃഷ്ണൻ, ആർ.നാഗദാസൻ എന്നിവർ പ്രസ്തുത സ്ഥലങ്ങളിലെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കി. പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
ചെർപ്പുളശ്ശേരി-പാലക്കാട് പാതയിൽ രണ്ടിടത്ത് മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു.
മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ചെർപ്പുളശ്ശേരി-പാലക്കാട് പാതയിൽ 26ാം മൈലിൽ രണ്ടിടത്ത് മരം കടപുഴകി വീണു. ഇന്നലെ രാവിലെ പത്തുമണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിൽ മരം റോഡിന് കുറുകെ വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് ലൈനുകളും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് മരം വെട്ടിമാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ബുധനാഴ്ച രാത്രിയുണ്ടായ മഴയിലും 26ാം മൈലിൽ കാക്കാ തോടിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശക്തമായ മഴയിൽ വൈദ്യുതി ലൈനിനു മുകളിലൂടെയാണ് മരം പൊട്ടിവീണത്. പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്ന് രാത്രി തന്നെ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ചെർപ്പുളശ്ശേരി പട്ടാമ്പി പാതയിൽ പേങ്ങാട്ടിരിയിലും ബുധനാഴ്ച രാത്രി റോഡിൽ മരം പൊട്ടിവീണിരുന്നു. നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
മഴയെ തുടർന്ന് ചെർപ്പുളശ്ശേരി 26ാം മൈലിൽ റോഡിനു കുറുകെ കടപുഴകി വീണ മരം.
ചിറ്റൂരിൽ മേനോൻപാറ കൃഷ്ണൻ കോവിലിൽ മുൻവശം എച്ച്.ഡി ലൈനിനു മീതെ വൻമരം കടപുഴങ്ങിവീണ് കൊഴിഞ്ഞാമ്പാറ വേലന്താവളം സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപെട്ടു.
കെ.എസ്.ആർ.ടി.സി ബസിനു മുകളിൽ മരം വീണു
മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു മുകളിലേക്ക് മരം പൊട്ടിവീണു. മണ്ണാർക്കാട് നൊട്ടമ്മല ചുരത്തിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻഭാഗത്തേക്ക് ചുരത്തിലെ മരം പതിക്കുകയായിരുന്നു. വീഴ്ചയിൽ ബസിന്റെ ചില്ല് മുഴുവനായും തകർന്നു. അപകടത്തിൽ ആളപായമില്ല.
മരം വീണ് നിരവധി വീടുകൾ തകർന്നു.
അഗളി പുതൂർ പഞ്ചായത്തിലെ കിണറ്റുക്കര ഊരിൽ വീടിനു മുകളിലേക്ക് മരം വീണു. പൊന്നൻ എന്നയാളുടെ വീടിനു മുകളിലാണ് സമീപത്തെ മരം കടപുഴകി വീണത്. വീടിനു ഭാഗികമായി നാശം സംഭവിച്ചു.
ഇന്നലെ ഉച്ചക്ക് 1 ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുമിറ്റക്കോട് 1 വില്ലേജ് ഏഴുമങ്ങാട് എളവള്ളി വീട്ടിൽ ശൈലയുടെ വീടിന് മുകളിൽ തെങ്ങ് വീണു.
ഓങ്ങല്ലൂർ 2 വില്ലേജിൽ വാർഡ് 10ൽ താമസിക്കുന്ന വാൽപറമ്പിൽ ശങ്കരൻനായരുടെ വീടിന് മുകളിലേക്ക് വീട്ടുവളപ്പിൽ നിൽക്കുന്ന തെങ്ങ് വീണ് വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മുതുതല വില്ലേജിൽ, കൊടുമുണ്ട, പൊന്നത്ത് കുഴിയിൽ, സൈതലവി മകൻ മുഹമ്മദലി യുടെ വീടിനു മുകളിൽ തെങ്ങ് വീണ് വീടിനു ഭാഗികമായി നാശം സംഭവിച്ചു. വീടിന്റെ കഴുക്കോൽ, പട്ടിക, ഓട് എന്നിവ പൊട്ടിയിട്ടുണ്ട്.
കൊപ്പം വില്ലേജ് പരിധിയിലെ 10,11,12, 13 വാർഡുകളിലെ ഏഴോളം വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണ് വീടുകൾക്ക് ഭാഗികമായ നാശനഷ്ടം ഉണ്ടായി. ആമയൂർ പറേക്കാട്ടു മഠത്തിൽ സുരേഷിന്റെ ഭാര്യ ജ്യോതി എന്നവർ വീടിന്റെ ഓട് പൊട്ടിവീണ് തലയ്ക്ക് മുറിവ് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മഴയെ തുടർന്ന് ചെർപ്പുളശ്ശേരി 26ാം മൈലിൽ റോഡിനു കുറുകെ കടപുഴകി വീണ മരം.
കിണറ്റുക്കര ഊരിൽ വീടിനു മുകളിലേക്ക് മരം വീണ നിലയിൽ.