road

മണ്ണാർക്കാട്: കാലവർഷത്തെ പതിവ് ദുരിതം അനുഭവിച്ച് അരകുർശ്ശി നിവാസികൾ. മഴ കനത്തതോടെ റോഡ് മുഴുവൻ വെള്ളക്കെട്ടായി. റോഡിലും വീടുകൾക്ക് മുന്നിലും വലിയ വെള്ളക്കെട്ടാണ് രൂപം കൊണ്ടിട്ടുള്ളത്. വെള്ളമൊഴുകാൻ ചാലുകൾ ഇല്ലാത്തതിനാൽ ശിവൻകുന്ന് മുതലുള്ള വെള്ളം മുഴുവൻ അരകുർശ്ശി റോഡിലേക്കാണ് ഒഴുകിവരുന്നത്. നിലവിൽ വെള്ളമൊഴുകിയിരുന്ന കനാൽ സ്വകാര്യ വ്യക്തി നികത്തി. ഇതാണ് ദുരിതത്തിന് കാരണം. നിലവിൽ ഇതിലൂടെ കാൽനട യാത്ര പോലും ദുരിതത്തിലായിരിക്കുകയാണ്. വാർഡ് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. സമീപത്തെ കടകളിലേക്കും വെള്ളം കയറി കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികളും കുറ്റപ്പെടുത്തുന്നു.