
പാലക്കാട്: ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പെയിനിന്റെ ഭാഗമായി ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ 'ശുചിത്വ സർട്ടിഫിക്കറ്റ്' (ഹൈജീൻ സ്റ്റാർ) ആദ്യഘട്ടത്തിൽ നേടിയത് ജില്ലയിലെ 60 ഭക്ഷ്യസ്ഥാപനങ്ങൾ. സ്വകാര്യ ഏജൻസികളാണ് ഹോട്ടലുകളുടെ നിലവാരം പരിശോധിച്ച് റേറ്റിംഗ് നൽകുന്നത്. വൃത്തി, നല്ല ഭക്ഷണം, മികച്ച സേവനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ശുചിത്വ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്ന ഭക്ഷണശാലകൾക്ക് സർട്ടിഫിക്കറ്റിനൊപ്പം ഹൈജീൻ സ്റ്റാർ റേറ്റിംഗും നൽകും.
സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ
ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. ആപ്പിലൂടെയും തൊട്ടടുത്ത് സർട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകൾ അറിയാൻ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങൾ ഏതെന്ന് പൊതുജനങ്ങൾക്കു കണ്ടെത്താൻ സാധിക്കും.
റേറ്റിംഗ് രണ്ടു വർഷത്തേക്ക്
രണ്ടു വർഷത്തേക്കാണ് സ്റ്റാർ റേറ്റിംഗ്. രണ്ടു വർഷത്തിനുശേഷം മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങൾക്ക് വീണ്ടും റേറ്റിംഗ് നിലനിർത്താം. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫോൺ നമ്പർ ഉൾപ്പെടെ പ്രദർശിപ്പിക്കണം. സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരീക്ഷിക്കും. ഒരോ ഹോട്ടലിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയർത്താം.
എക്സലന്റ് (മികച്ചത്), വെരി ഗുഡ് (വളരെ നല്ലത്), ഗുഡ് (നല്ലത്) എന്നിങ്ങനെ തരം തിരിച്ചാണു സ്റ്റാർ റേറ്റിംഗ് നൽകുന്നത്. തെരഞ്ഞെടുത്ത ഹോട്ടലുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സ്റ്റാർ റേറ്റിംഗ് പരിശോധന നടത്തിയത്. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗാണു നൽകുന്നത്. വൃത്തിയോടൊപ്പം നാൽപ്പതോളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പരിഗണിക്കും.
വി.കെ.പ്രദീപ് കുമാർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ, പാലക്കാട്.