ഒറ്റപ്പാലം: സിനിമാ നിർമ്മാണത്തിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 3.14കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടൻ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
'കൂദാശ' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പലതവണയായി 3.14കോടി നൽകിയെന്നും
ലാഭമോ, മുടക്കു മുതലോ തിരിച്ച് നൽകിയില്ലെന്നും കാട്ടി തൃശൂർ തിരുവില്വാമല കാട്ടുകുളം സ്വദേശി റിയാസാണ് പരാതി നൽകിയത്.
ഒറ്റപ്പാലത്തെ ബാങ്ക് ശാഖയിലൂടെയാണ് പണിമിടപാട് നടത്തിയത്. 30 ലക്ഷം ആദ്യം നൽകി. തൃശൂരിലും കൊച്ചിയിലുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ പലപ്പോഴായി കോടികൾ നൽകി. അഞ്ച് വർഷമായി ബാബുരാജിനെയും വാണി വിശ്വനാഥിനെയും പരിചയമുണ്ടെന്നും റിയാസ് പറയുന്നു. പണം തിരികെ കിട്ടാത്തതിനെ തുടർന്ന് റിയാസ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. തുടർന്നാണ് ആലുവ അശോകപുരം സ്വദേശിയായ ബാബുരാജ്, ഭാര്യ തൃശൂർ ഒല്ലൂർ സ്വദേശിനി വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നടന്ന സാമ്പത്തിക ഇടപാടായതിനാലാണ് കേസ് ഒറ്റപ്പാലം പൊലീസിലെത്തിയത്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.