obit

തൃത്താല: അന്തർദ്ദേശീയ ചിത്രകാരൻ എം.ടി.അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചിത്രകലയിൽ സവിശേഷ മുദ്രപതിപ്പിച്ച അദ്ദേഹം പാരീസ് ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
തൃശ്ശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ നേടിയ ശേഷം ചിത്രകലയോടുള്ള താത്പര്യത്തിൽ 1965 ൽ ഇരുപതാം വയസിൽ ചെന്നൈയിലെത്തി കലാകാരന്മാരുടെ ഗ്രാമമായ ചോഴമണ്ഡലത്തിൽ അംഗമായി.
തമിഴ്നാട് ലളിതകലാ അക്കാഡമി പുരസ്‌കാരം (1982), കേന്ദ്രകേരള ലളിതകലാ അക്കാഡമി പുരസ്‌കാരം (1988), കേരള ലളിതകലാ അക്കാഡമി ഫെലോഷിപ്പ് (2017) എന്നിവ നേടിയിട്ടുണ്ട്.
പാലക്കാട്ട് കൂടല്ലൂരിൽ എം.ടി.പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, വിലാസിനി, പരേതരായ ലീല ജി.നായർ, ഭാരതി. സംസ്‌കാരം കൂടല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.