achuthan-koodaloor

തൃത്താല: ഇനിയൊരിക്കലും ചേർത്തുവായിക്കാൻ കഴിയാത്ത വരികളും വരകളുമായി അച്യുതൻ കൂടല്ലൂർ യാത്രയായി. കലകളുടെ തായ്‌വേരുകൾ ഒന്നായ് ചേരുന്ന കൂടല്ലൂരിൽ നിന്ന് അമൂർത്തകലയുടെ വരപ്രസാദങ്ങൾ കൊണ്ട് ലോകമാകെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അച്യുതൻ കൂടല്ലൂർ. ജന്മം കൊണ്ട് മലയാളിയും കർമ്മം കൊണ്ട് മദ്രാസുകാരനുമായ അച്യുതൻ ചിത്രകലയിലുള്ള തന്റെ അതിയായ താല്പര്യത്താൽ യൗവന ആരംഭത്തിൽ തന്നെ ചെന്നൈയിലെത്തി ചോഴമണ്ഡലത്തിൽ അംഗമായി. നിറങ്ങളിൽ അഭിരമിച്ച മാസ്മരികത തുളുമ്പുന്ന അദ്ദേഹത്തിന്റെ കലാവൈഭവം അനേകം ക്യാൻവാസുകളെ വർണാഭമാക്കിയിരുന്നു.

കാല്പനികതകൾ വഴിഞ്ഞൊഴുകുന്ന നിരവധി സന്ദേശങ്ങൾ ഉൾതിരിയുന്ന ചിത്രങ്ങൾക്ക് അദ്ദേഹത്തിന്റെ കരങ്ങൾ ജന്മം നൽകി. ദൈവത്തിന്റെ നിറങ്ങളെന്ന് വിശേഷിപ്പിച്ച ആസ്വാദ്യകരമായ ആകാശ നീലിമയും മനം കുളിരണിയുന്ന മഞ്ഞയും മോഹിപ്പിക്കുന്ന തവിട്ടു നിറങ്ങളും സമം ചേർന്ന ആ നിറക്കൂട്ടുകൾ ഇനി ആ ബ്രഷിൽനിന്ന് രൂപപ്പെടില്ല. സാമ്പ്രദായിക പെയിന്റിംഗ് രീതികളിൽ പറയത്തക്ക പരിശീലനങ്ങൾ സ്വായത്തമാക്കാത്ത സ്വതന്ത്ര ചിത്രകാരനായിരുന്നു അദ്ദേഹം.

സർക്കാർ സർവീസിൽനിന്ന് സ്വയം വിരമിച്ച ശേഷം ചിത്രപ്പണികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച പ്രതിഭയാണ് അദ്ദേഹം. കാലക്രമേണ വന്നുപെടുന്ന കാതലായ മാറ്റങ്ങൾ ചിത്ര കലാരംഗത്ത് പ്രകടമായ ഒരുകാലത്താണ് അച്യുതൻ ആ മേഖലയിൽ ഹരിശ്രീ കുറിക്കുന്നത്. കാഴ്ചവട്ടങ്ങളിലും വിപണിയിലും തന്റെ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു.

സർഗാത്മക രംഗത്ത് കഥകൾ എഴുതിയാണ് അച്യുതൻ രംഗപ്രവേശം ചെയ്യുന്നത്. അമ്മാവൻ എം.ടി.വാസുദേവൻ നായർ വായനയുടെ വടവൃക്ഷമായി വിസ്മയ ലോകം തീർക്കുമ്പോൾ തനിക്ക് മറ്റൊരുവഴി ആവാമെന്ന് അദ്ദേഹം ചിന്തിച്ചു കാണണം. എം.ടിയുടെ പുസ്തകങ്ങളിലും അച്യുതന്റെ വരകൾ തെളിഞ്ഞു. അകക്കാമ്പുകൾ മറന്നുള്ള പുറം തോടുകൾ മാത്രം പ്രാപ്യമാകുന്ന പുതിയ കാലത്ത് ചിത്രരംഗത്തെ അനിഷ്ടങ്ങളെ സധൈര്യം അദ്ദേഹം എതിർക്കുകയുണ്ടായി. ചിത്രഗാലറികളുടെ തകർച്ച അച്യുതൻ എന്ന കലാകാരന്റെ മനസ്സ് തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. കൊച്ചി മുസിരിസ് ബിനാലെക്കെതിരെ അദ്ദേഹം ശക്തമായി നിലകൊള്ളാൻ ഇടയാക്കിയ സാഹചര്യം ഒരുപക്ഷേ കല ഒരു കമ്പോളമായി എന്ന തന്റെ ബോധ്യം കൊണ്ടാവും. ചുറ്റുപാടുകളെ ചിന്തയും ചിത്രവും കൊണ്ട് ആസ്വാദക ഹൃദയങ്ങളിലേക്ക് അനായാസം ആനയിച്ച ആ മഹാ പ്രതിഭ നമുക്കിടയിൽ ഇനിയും ജീവിക്കും അദ്ദേഹം നിറം കൊടുത്ത ഛായാപടങ്ങളിലൂടെ.