
വടക്കഞ്ചേരി: മലങ്കരസഭാ സ്ഥാപകനും ശില്പിയുമായ മാർ ഈവാനിയോസ് പിതാവിന്റെ 69ാം ഓർമ്മത്തിരുനാളും പീച്ചി മേഖല സംഗമവും പദയാത്രയും ചക്കുണ്ട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ ആഘോഷിച്ചു. പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത് ഇടവകകളിലെ പ്രതിനിധികൾ ഒത്തുചേർന്ന് കണക്കൻതുരുത്തി രാജഗിരി തുരുഹൃദയ പള്ളിയിൽനിന്നും ആരംഭിച്ച പദയാത്ര ചക്കുണ്ട് ദേവാലയത്തിൽ എത്തിച്ചേർന്നു. പദയാത്രയിൽ വള്ളിക്കുരിശുമായ് വന്ന വിശ്വാസികൾക്ക് സ്വീകരണം നൽകി.തുടർന്ന് മൂവാറ്റുപുഴ രൂപതാ അദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തെയഡോഷ്യസിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയർപ്പിച്ചു.
ശേഷം വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഇടവകകളിലെ കുട്ടികളെ ആദരിച്ചു. നേർച്ച ഭക്ഷണവും നടന്നു. മേഖലവികാരി ഫാ. വിൽസൺ വേലിക്കകത്ത്, ചക്കുണ്ട് ഇടവക വികാരി ഫാ.ജേക്കബ് കീയ്യാലിൽ, ഫാ. തോമസ് വെട്ടിക്കാട്ടിൽ, ഫാ. വർഗ്ഗീസ് പുത്തൂർ, ഫാ. സജിഅറക്കൽ, ഫാ. കുരിയാക്കോസ് കറുത്തേടത്ത്, ഫാ. ജോസഫ് പുല്ലുകാലായിൽ എന്നീവർ പങ്കെടുത്തു.