
പാലക്കാട്: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ മെക്കാനിക് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന എം.ഭാരതി രാജനെ (32) കൊട്ടേക്കാട് റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുച്ചിറപ്പള്ളി സ്വദേശിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയിൽവേ ട്രാക്കിലൂടെ ഒരാൾ ഓടുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ തെരച്ചിലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നു തിരിച്ചറിയൽ രേഖ ലഭിച്ചതോടെയാണ് ടി.വി.സി സെക്ഷൻ കൺട്രോളറാണെന്ന് വ്യക്തമായത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാരൻ എങ്ങനെ പാലക്കാട് എത്തിയെന്നും മരണം ആത്മഹത്യയാണോ എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും അന്വേഷണത്തിലേ വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. മധുര ഡിവിഷനിൽ ജോലി ചെയ്‌തിരുന്ന ഇയാൾ അച്ചടക്കനടപടിയെ തുടർന്ന് അടുത്തിടെയാണ് തിരുവനന്തപുരം ഡിവിഷനിലേക്കെത്തിയത്.