
ഒരു ബഡ്സ് സ്‌കൂളിന് നൽകുന്നത് 5000 രൂപ
പാലക്കാട്: ജില്ലയിലെ ബഡ്സ് സ്‌കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാനസിക, ശാരീരിക ഉന്മേഷം പകരാൻ അഗ്രി തെറാപ്പിയുമായി കുടുംബശ്രീ രംഗത്ത്. ജില്ലയിലെ ആകെയുള്ള 26 ബഡ്സ് സ്‌കൂളിലും പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു. ഒരു സ്‌കൂളിന് കുടുംബശ്രീ 5000 രൂപയാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയാണ് സ്‌കൂളുകളിൽ തയ്യാറാക്കുന്നത്. സാധാരണ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. എന്നാൽ ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൃഷിതന്നെ ഒരു തെറാപ്പിയായി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി വിദ്യാർത്ഥികളെ കൂടുതൽ സമയം വിവിധ പ്രവർത്തികളിൽ വ്യാപൃതരാക്കാൻ സാധിക്കും. ഇത് അവരുടെ മാനസിക, ശാരീരിക ഉന്മേഷം പകരാൻ കൂടുതൽ സഹായകമാകുകയും ചെയ്യും. വിത്തുപാകി തൈകൾ വളർന്ന് വിളവിന് പാകമാകുന്നതുവരെ ഓരോ ദിവസവും അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ പഠിപ്പിക്കും. ഇത്തരത്തിൽ കുട്ടികൾ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ അവരുടെതന്നെ ആവശ്യങ്ങൾക്ക് സ്‌കൂളിൽ ഉപയോഗിക്കുകയും ചെയ്യും. സ്‌കൂൾ അധികൃതർക്കൊപ്പം കൃഷിവകുപ്പ്, കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർമാർ എന്നിവരുടെ പിന്തുണയും കുട്ടികൾക്ക് കൃഷിയിൽ ലഭിക്കും.
പൂർണമായും ജൈവകൃഷിയാണ് അഗ്രി തെറാപ്പിയുടെ ഭാഗമായി തയ്യാറാക്കുന്നത്. സ്ഥലപരിമിതിയുള്ള സ്‌കൂളുകളിൽ ഗ്രോബാഗുകളിലാണ് കൃഷി ചെയ്യുന്നത്. വിവിധ മേഖലകളിൽ താത്പര്യമുള്ള വിദ്യാർത്ഥികളാണ് ബഡ്സ് സ്‌കൂളുകളിലുള്ളത്. ഇതിൽ കൃഷിയെ ഇഷ്ടപ്പെടുന്നവർക്ക് ഓരോ പ്രവർത്തനവും ഏറെ സന്തോഷം നൽകുന്നതാണ്.
പദ്ധതി വഴി കൂടുതൽ സമയം കാർഷിക കാര്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളിൽ മികച്ച മാറ്റങ്ങൾ പ്രകടമാക്കാൻ സാധിക്കും. കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരാണ് എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തുക. സെയ്തു, ഡിസ്ട്രിക് പ്രോഗ്രാം മാനേജർ, കുടുംബശ്രീ മിഷൻ.