railway

പാലക്കാട്: കൈകളിൽ ചാർട്ടുമായി വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നത് ഓർമ്മയാകുന്നു. ടിക്കറ്റ് പരിശോധനയ്ക്ക് ഹാൻഡ് ഹെൽഡ് ടെർമിനിൽ പദ്ധതി പ്രകാരം ടാബ് നൽകിയിരിക്കുകയാണ് റെയിൽവേ. നിലവിൽ ഓരോ ചാർട്ടിംഗ് സ്റ്റേഷനിൽനിന്നും ചാർട്ട് കൈയിൽ കിട്ടിയാൽ മാത്രമേ സീറ്റ് ഒഴിവുള്ളകാര്യം ടിക്കറ്റ് പരിശോധകർക്ക് മനസിലാക്കാൻ സാധിക്കൂ. ഹാർഡ് ടെർമിനിൽ വരുന്നതോടെ ട്രെയിനിൽ നിന്ന് സീറ്റ് ലഭ്യതയ്ക്ക് പുറമെ ആർ.സി, വെയിറ്റിംഗ് ലിസ്റ്റ് എന്നിവ മനസിലാക്കാനും സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ യാത്രകാർക്ക് ഒഴിവുള്ള സീറ്റുകൾ അനുവദിക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് 24 ദീർഘദൂര ട്രെയിനുകളിലാണ് ഹാൻഡ് ഹെൽഡ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷനിൽ 12601/602 ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌‌സ്‌പ്രസിലും പദ്ധതിക്ക് തുടക്കമായി. പദ്ധതി വിജയിച്ചാൽ ഘട്ടം ഘട്ടമായി എല്ലാം ട്രെയിനുകളിൽ ഈ സംവിധാനം ഏർപ്പെടുത്താനാണ് റെയിൽവേയുടെ ശ്രമം.

ടാബിൽ മെയിൻ ചാർട്ട് മൂന്ന് മണിക്കൂറിൽ ലഭ്യമാകും. ട്രെയിൻ പുറപ്പെടുന്നത് അരമണിക്കൂർ നിലവിലെ ബുക്കിംഗ് ചാർട്ട് പൂർത്തിയാക്കി ടി.ടി.ഇമാർക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷനുകളിൽ ട്രെയിനുകളിലെ സീറ്റ് ലഭ്യതയെകുറിച്ച് കാണിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെയിറ്റിംഗ് ലിസ്റ്റ് ഇല്ലെങ്കിൽ നിലവിലെ ബുക്കിംഗ് കൗണ്ടറിൽ ഒഴിവ് കാണിക്കും. ഇത് യാത്രികർക്ക് ടിക്കറ്റ് എളുപ്പത്തിൽ വാങ്ങുന്നതിനുള്ള വഴിയൊരുക്കും. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാത്ത യാത്രികരെകുറിച്ച് ടി.ടി.ഇമാർ വിവരം രേഖപ്പെടുത്തുകയും ചെയ്യും. യാത്രികർക്ക് യാതൊരു രേഖയും നൽകാതെതന്നെ ടിക്കറ്റ് കാണിക്കാനും പണം ലഭ്യമാക്കുന്നതിനും സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ടിക്കറ്റ് പരിശോധകർക്ക് പരിശീലനം നൽകി വരികയാണ്. നിലവിൽ പരിശീലനം പൂർത്തീകരിച്ചവരെയാണ് ട്രെയിനുകളിൽ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. സംവിധാനം വന്നതോടെ റെയിൽവേയ്ക്ക് കടലാസ്, മഷി എന്നിവയ്ക്കു ചെലവ് കുറച്ചതിന് പുറമെ ടിക്കറ്റ് സംവിധാനത്തിൽ സൂക്ഷ്‌മതയും കൃത്യതയും കൈവരിക്കാനും സാധിക്കും.