
ശ്രീകൃഷ്ണപുരം: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ശ്രീകൃഷ്ണപുരം രണ്ട് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ചോർന്നൊലിക്കുന്നു. നാലുമാസം തികയും മുമ്പുതന്നെ സ്‌മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിടത്തിൽ ചോർച്ച തുടങ്ങി. വില്ലേജ് ഓഫീസറുടെ മുറിഉൾപ്പടെ ഓഫീസിനുള്ളിലെ പലഭാഗത്തും മഴ പെയ്താൽ വെള്ളം ചോർന്ന് ചുവരിലൂടെ ഒലിച്ചിറങ്ങുകയാണ്. വരാന്തയിലും ടോയ്‌ലറ്റിലും ഇതേസ്ഥിതി തന്നെയാണ്. ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ കെട്ടിടത്തിന് മുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളിൽ സിമന്റ് ഉപയോഗിച്ച് അടച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുഞ്ചപ്പാടം, മണ്ണമ്പറ്റ പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പുഞ്ചപ്പാടത്ത് രണ്ട് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുകയെന്നത്. ഇതിന്റെ ഭാഗമായി പുഞ്ചപ്പാടം കോടർമണ്ണ റോഡിൽ മുൻ പഞ്ചായത്ത് അംഗം എ.പി.രത്നകുമാർ സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. 1300 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കഴിഞ്ഞ മാർച്ച് 25ന് മന്ത്രി കെ.രാജനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ കെട്ടിടത്തിനു മുകളിലേക്ക് തൊട്ടടുത്ത റബ്ബർ മരത്തിൽ നിന്നുള്ള ഇലകൾ വീണ് പുറത്തേക്ക് വെള്ളം പോകാനുള്ള പൈപ്പ് അടഞ്ഞതിനാലാണ് ചോർച്ച ഉണ്ടാകുന്നതെന്നാണ് നിർമ്മിതി കേന്ദ്രം അധികൃതർ നൽകുന്ന വിശദീകരണം.
വിജിലൻസ് അന്വേഷണം വേണം
വില്ലേജ് ഓഫീസ് ചോർന്നൊലിക്കുന്ന സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് എട്ട്, ഒമ്പത്, പത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഇതിന് വരുന്ന നഷ്ടം ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.കൃഷ്ണൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.ശ്രീകാന്ത്, പി.പ്രമോദ്, എസ്.മണികണ്ഠൻ, വി.കെ.വാസുദേവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.