p

കല്ലടിക്കോട്: കരിമ്പയിൽ സ്‌കൂൾ വിദ്യാർത്ഥികൾ സദാചാര ആക്രമണത്തിനിരയായ സംഭവത്തിൽ ഡിസ്ട്രിക്ട് ചൈൽഡ്സ് പ്രൊട്ടക്ഷൻ ഓഫീസറോടും കല്ലടിക്കോട് എസ്.എച്ച്.ഒയോടും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) റിപ്പോർട്ട് തേടി. അതിക്രമം ഉണ്ടായെന്ന് ഉറപ്പായാൽ കേസെടുക്കാനും നിർദ്ദേശിക്കും. വിഷയം സിറ്റിംഗിൽ ചർച്ച ചെയ്യുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ എം.വി. മോഹനൻ അറിയിച്ചു.

അതേസമയം കേസുമായി മുന്നോട്ടു പോകാനാണ് വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ തീരുമാനം. പൊലീസ് ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു. കുട്ടികൾക്ക് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന് പേടിയുണ്ട്. കുട്ടികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിനാണ് നാട്ടുകാർ മർദ്ദിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവും ശക്തമാണ്.

അതേസമയം സി.സി ടി.വി കാമറകളിൽ നിന്ന് ബസ് സ്റ്റോപ്പിന്റെ ദൃശ്യങ്ങൾ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.