complaint

പാലക്കാട്: വിദ്യാ‌ർത്ഥികൾക്ക് അവരുടെ പരാതികൾ അറിയിക്കാൻ പരാതി സെല്ലുമായി വിദ്യാഭ്യാസ വകുപ്പ്. അദ്ധ്യാപകരോട് നേരിട്ട് തുറന്നു പറയാൻ ബുദ്ധിമുട്ടുള്ള പലകാര്യങ്ങളും വിദ്യാർത്ഥികൾക്ക് എഴുതി തയ്യാറാക്കി സ്കൂളുകളിൽ സ്ഥാപിക്കുന്ന പരാതി സെല്ലിൽ നിക്ഷേപിക്കാം. അദ്ധ്യാപകർ കാണാത്ത സ്ഥലത്താണ് പരാതി സെല്ലുകൾ സ്ഥാപിക്കുക. അദ്ധ്യാപകർ കാണുന്ന സ്ഥലത്താണെങ്കിൽ വിദ്യാർത്ഥികൾ പരാതികൾ നിക്ഷേപിക്കാൻ മടിക്കുമെന്നതിലാണിത്. രണ്ടാഴ്ചയിൽ ഒരിക്കൽ പരാതികളിൽ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.

മുമ്പ് പ്രധാനാദ്ധ്യാപകരുടെയോ സ്റ്റാഫ് റൂമിന്റെയോ സമീപമാണ് പരാതിപ്പെട്ടികൾ സ്ഥാപിച്ചിരുന്നത്. ആരാണെന്നു സ്വയം വെളിപ്പെടുത്താതെ നൽകുന്ന പരാതികൾക്ക് ആഴ്ചതോറും പരിഹാരം കാണണമെന്നായിരുന്നു നിർദ്ദേശവും ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും നടപ്പാക്കിയിരുന്നില്ല. എന്നാൽ സ്ഥാപിച്ച സ്‌കൂളുകളിൽ പരാതിപ്പെട്ടികൾ ഉപയോഗശൂന്യവുമായിരുന്നു. പരാതികൾ നിക്ഷേപിക്കാനുള്ള സ്വകാര്യത കുറവാണ് ഇതിന് കാരണം. എന്നാൽ പുതിയ പരാതി സെല്ലിൽ വിദ്യാർത്ഥികൾക്ക് പറയാനുള്ള അഭിപ്രായങ്ങൾ ആശങ്കയില്ലാതെ ബോദ്ധ്യപ്പെടുത്താൻ സാധിക്കുമെന്നും നിലവിൽ സ്കൂളുകളിൽ പരാതി സെല്ലുകൾ നിക്ഷേപിക്കൽ പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

പരാതി പരിഹാരത്തിന് അഞ്ചംഗ കമ്മിറ്റി
കുട്ടികൾ നിക്ഷേപിക്കുന്ന പരാതികളിൽ പ്രധാനദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവയുടെ നേതൃത്വത്തിലാണ് പരിഹാരം കാണുക. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത മൂന്ന് അദ്ധ്യാപകർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി പരാതികൾ പരിശോധിച്ച് നടപടിയെടുക്കും. അഞ്ചംഗ കമ്മിറ്റിയിൽ രണ്ടുപേർ സ്ത്രീകളായിരിക്കും. 200ൽ താഴെ കുട്ടികളുള്ള സ്‌കൂളുകളിൽ മൂന്ന് അംഗങ്ങളുള്ള കമ്മിറ്റികളാകും ഉണ്ടാകുക. ഇതിൽ ഒരാൾ വനിതയായിരിക്കും. പരാതികളുടെ രഹസ്യസ്വഭാവം സമിതി ഉറപ്പാക്കും. പരാതികളിൽ പോക്‌സോ ആക്ടിന്റെ പരിധിയിൽ വരുന്നവ ചൈൽഡ് ലൈൻ വഴി പൊലീസിനെയും അറിയിക്കും. ഗൗരവ സ്വഭാവമുള്ള പരാതികൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പരാതിപരിഹാര സെല്ലിനെയും അറിയിക്കും.