
പാലക്കാട്: വിലയിടിവും കാലാവസ്ഥാ വ്യതിയാനും ഉൾപ്പെടെ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കൃഷിചെയ്ത വിളകളെ വന്യജീവികളിൽ നിന്ന് സംരക്ഷിക്കാൻ ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജില്ലയിലെ കർഷകർ. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മയിൽ എന്നിവയുടെ ശല്യം അനുദിനം വർദ്ധിക്കുന്നതിനാൽ എന്തുചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് കർഷകർ.
കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാം തന്നെ കാട്ടുപന്നിശല്യം രൂക്ഷമാണ്. പ്രതിസന്ധിയിലായ കർഷകരിൽ പലരും കൃഷിതന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി ശല്യം വർദ്ധിച്ചതോടെ പുതുതായി തെങ്ങിൻ തൈകൾപോലും നടാനാവാത്ത സ്ഥിതിയാണ്. നടുന്ന തൈകൾ പന്നികളെത്തി കുത്തിമറിച്ചിടും. കർഷകരിൽ പലരും ഭക്ഷ്യവിളകളുടെ കൃഷി നിർത്തി. കപ്പയും മധുരക്കിഴങ്ങും നട്ട കൃഷിയിടങ്ങളിൽ പലതിലും കമുങ്ങും റബറുമടക്കം പരീക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു.
1382 കാട്ടുപന്നികളെ കൊന്നു
2020ൽ സർക്കാർ തീരുമാനം നടപ്പാക്കിയത് മുതൽ ഈ വർഷം മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1382 കാട്ടുപന്നികളെ വെടിവച്ചുകൊന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം പന്നികളെ കൊന്നത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ് 400. കുറവ് മണ്ണാർക്കാട് ഡിവിഷനിലും 68. പാലക്കാട്, നെന്മാറ, നിലമ്പൂർ നോർത്ത് ഡിവിഷനുകളിൽ 374, 287, 253 എന്നിങ്ങനെയാണ് യഥാക്രമം കണക്ക്.
10 വർഷത്തിനിടെ 8557 പേർ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി. ആറുമാസത്തിനിടെ പാലക്കാട് ജില്ലയിൽ മാത്രം 32 പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഒരാൾക്ക് ജീവൻ നഷ്ടമായി. മേയ് 28ന് കാട്ടുപന്നിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻ, കോർപ്പറേഷൻ മേയർ എന്നിവർക്ക് അനുയോജ്യ മാർഗങ്ങളിലൂടെ കൊല്ലാൻ അനുമതി നൽകുന്നതാണ് പുതിയ ഉത്തരവ്.
28 ഹോട്സ് സ്‌പോട്ടുകൾ
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അയച്ച പട്ടികയിൽ പാലക്കാട്ട് കാട്ടുപന്നി ശല്യം രൂക്ഷമായുള്ള ഹോട്സ് സ്‌പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്. ലക്കിടി പേരൂർ, ഒറ്റപ്പാലം നഗരസഭ, വടക്കൻ വെള്ളിനേഴി, ചെർപ്പുളശ്ശേരി, വാണിയംകുളം ഒന്ന്, രണ്ട് വില്ലേജുകൾ, തൃത്താല, കള്ളമല, പുതൂർ, അഗളി, കോട്ടത്തറ, പാലക്കയം, തെങ്കര, അലനല്ലൂർ, കോട്ടോപ്പാടം, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട ഒന്ന്, വല്ലങ്ങി, കിഴക്കഞ്ചേരി ഒന്ന്, രണ്ട് വില്ലേജുകൾ, മംഗലം ഡാം, കുത്തനൂർ, തരൂർ, മങ്കര, പറളി രണ്ട് വില്ലേജ്, കുലുക്കല്ലൂർ, തിരുവേഗപ്പുറ എന്നിവയാണ് ജില്ലയിലെ ഹോട്സ് സ്‌പോട്ടുകൾ.
പരിമിധികളേറെ
സേനാംഗങ്ങളുടെ കുറവും തോക്കിന്റെ ലൈസൻസ് പുതുക്കിലഭിക്കാത്തതും തിര അനുവദിക്കാത്തതും സഞ്ചരിക്കാനുള്ള വാഹനം ഇല്ലാത്തതും ഉൾപ്പെടെ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പരിമിധികളേറെയുണ്ട്. അതത് പ്രദേശത്തെ ലൈസൻസുള്ള തോക്കുള്ളവരെ ഉൾപ്പെടുത്തി എം പാനൽ തയാറാക്കിയെങ്കിലും നേരംവെളുക്കുവോളം വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അലയണമെന്ന് ചൂണ്ടിക്കാട്ടി പലരും ഒഴിഞ്ഞുമാറി. തോക്കുള്ളവരിൽതന്നെ വർഷത്തിൽ ഒരാൾക്ക് ലഭിക്കുന്നത് പരമാവധി 200 തിര മാത്രമാണ്. ഒരുപന്നിക്ക് ഒന്നിലേറെ ബുള്ളറ്റ് ആവശ്യമായി വരുന്നതിനാൽ വേട്ടക്കിറങ്ങുമ്പോൾ ഉണ്ടകളുടെ എണ്ണം ക്ലിപ്തപ്പെടുത്താനും കഴിയാത്ത അവസ്ഥയുണ്ട്. ജില്ലയിൽ വനംവകുപ്പിന്റെ എം പാനലിൽ ഉൾപ്പെട്ട ലൈസൻസുള്ള 108 തോക്കുടമകളുണ്ട്. വനംവകുപ്പ് ഡിവിഷനുകളായ മണ്ണാർക്കാട് 23, പാലക്കാട് 38, നെന്മാറ 47 എന്നിങ്ങനെയാണ് എം പാനൽ തോക്കുടമകളുടെ എണ്ണം.