
വാളയാർ: വാളയാർ പതിനാലാം കല്ലിൽ പ്രവൃത്തിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കുന്ന കമ്പനിയിൽ തെർമിക് ഫ്ളൂയിഡ് ചോർന്ന് വൻ തീപിടിത്തമുണ്ടായി. കമ്പനി പ്രവൃത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.55ന് ജയന്തി ഗ്രൂപ്പ് ഒഫ് കമ്പനി ഇന്ത്യൻ പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. സംഭവത്തെ തുടർന്നെത്തിയ കഞ്ചിക്കോട് അഗ്നിശമനസേന ഫോം കോമ്പൗണ്ട് ഉപയോഗിച്ച് തീ അണച്ചു. ചൂട് കുറഞ്ഞതോടെ തെർമിക് ഫ്ളൂയിഡിന്റെ വാൽവ് അതിസാഹസികമായി അടച്ച് അപകടാവസ്ഥയും ഒഴിവാക്കി. വാൽവ് അടച്ചതിനാൽ 250 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാനായി. ഒരു ടാങ്ക് വെള്ളം അടിച്ചാണ് തെർമൽ ഫ്ളൂയിഡ് ചൂടാക്കുന്ന ഫർണസിലെ വിറകിൽ പടർന്ന തീ അണച്ചത്. അപകടത്തിൽ ആളപായമോ പരിക്കോ ഇല്ല.
ഏകദേശം ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂർണമായും കെടുത്തിയത്. ജീവനക്കാരുടെ അതിസാഹസികമായ പ്രവർത്തനംമൂലം വൻഅപകടവും നാശനഷ്ടവും ഒഴിവാക്കാനായി. പാലക്കാട് അഗ്നിശമനനിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തിയെങ്കിലും അതിനു മുമ്പേ കഞ്ചിക്കോട് നിലയത്തിലെ യൂണിറ്റ് തീ അണച്ചു. കഞ്ചിക്കോട് അഗ്നിശമനനിലയം സ്‌റ്റേഷൻ ഓഫീസർ ആർ.ഹിതേഷ്, അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ടി.ആർ.രാകേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ എം.രമേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം.സുഭാഷ്, ഡി.സജിത്ത്, സി.കലാധരൻ, ഐ.മുജീബ് റഹ്മാൻ തടടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.