
മണ്ണാർക്കാട്: കോട്ടോപ്പാടം കാപ്പുപറമ്പിൽ പ്രവൃത്തിക്കുന്ന കാലിത്തീറ്റ പ്ലാന്റ് പകർച്ച വ്യാധി ഭീഷണി ഉയർത്തുന്നതായി ആക്ഷേപമുയർത്തി പ്രദേശവാസികൾ രംഗത്ത്. നിലവിൽ ഫാക്ടറിയിൽ നടക്കുന്നത് കോഴിത്തീറ്റ നിർമ്മിക്കലല്ലെന്നും പ്ലാന്റിന്റെ പേരിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുകയാണെന്നുമാണ് പരിസരവാസികൾ ആക്ഷേപമുന്നയിക്കുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നായി ഹോസ്പിറ്റൽ മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും ഈ പ്രദേശത്തേക്ക് വരുന്നതായാണ് ആക്ഷേപമുയർന്നിട്ടുള്ളത്.
രാത്രികാലങ്ങളിൽ കൂട്ടം കൂട്ടമായി വാഹനങ്ങൾ ജനവാസ മേഖലയിലൂടെ മാലിന്യങ്ങളുമായി കടന്ന് പോകുമ്പോൾ വലിയ രീതിയിലുള്ള ദുർഗന്ധമാണ് ഇവിടെ ഉണ്ടാകുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന ദ്രാവകം റോഡിൽ പതിക്കുകയാണ്. ഇത് കാരണം ജനങ്ങൾക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥാണുള്ളത്.
ഫാക്ടറിയിൽ നിന്നും പുറത്തേക്ക് വരുന്ന അഴുകിയ വെള്ളം തൊട്ടടുത്തുള്ള അരുവിയിലൂടെ വെള്ളിയാർ പുഴയിലേക്കാണ് ഒഴുകി വരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുഴയിലെ വെള്ളത്തിനു ദുർഗന്ധമുണ്ടായിരുന്നു. അമ്പലപ്പാറ, കാപ്പുപറമ്പ്, മുണ്ടക്കുന്ന്,പാതിരമണ്ണ, മുറിയങ്കണ്ണി, കണ്ണംകുണ്ട്, പാലക്കാഴി, പാലക്കടവ്, മേലാറ്റൂർ വരെയുള്ള നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ പുഴയാണ്. കുളിക്കാനും കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിച്ചുവരുന്നത്. ഈ പ്രദേശത്തെ നിരവധി കിണറുകളും മലിനമായി തുടങ്ങിയിട്ടുണ്ട്.
ഈ അവസ്ഥ തുടരുകയാണെങ്കിൽ വലിയൊരു പകർച്ചവ്യാധി ദുരന്തം പ്രദേശത്തുണ്ടാകും എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനകീയ സമിതിയും രൂപം കൊണ്ടിട്ടുണ്ട്.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്നലെ പ്രദേശത്തെത്തി.
ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്ലാന്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയതിന് ശേഷം തുടർ തീരുമാനങ്ങളെടുക്കും. ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യം അനുവദിക്കാനാവില്ല.അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ