
അഗളി: കരിക്ക് വിറ്റ പണം പങ്കുവയ്ക്കുന്നതിലെ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ സഹോദരനെ മരക്കഷ്‌ണം കൊണ്ട് അടിച്ചു കൊന്നയാൾ അറസ്റ്റിൽ. പുതൂർ പഞ്ചായത്തിലെ പട്ടണക്കൽ ഊരിലെ മരുതനെയാണ് (47) സഹോദരൻ പണലി(37) കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
അമ്മ രങ്കിയുടെ പേരിലുള്ള തെങ്ങിൻ തോപ്പിൽ നിന്ന് കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ മരുതൻ കരിക്ക് ഇടുകയും വിൽക്കുകയും ചെയ്തിരുന്നു. പക്ഷെ പണം സഹോദരനുമായി പങ്കുവെച്ചില്ല. ഇതേച്ചൊല്ലി നടന്ന വാക്കേറ്റത്തിനിടെയാണ് പണലി മരക്കഷ്‌ണം കൊണ്ട് മരുതനെ അടിച്ചത്. മരുതനെ കോട്ടത്തറ ഗവ.ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ്ധ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
വെള്ളിയാഴ്ച രാവിലെ പട്ടണക്കൽ ഊരിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പണലിയെ ഉച്ചയോടെ അറസ്റ്റു ചെയ്തു. അഗളി ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.