darna

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരത്തെ വഴിയോര കച്ചവടങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകൃഷ്ണപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. അടിയോടിപ്പടി പെട്രോൾ പമ്പ് മുതൽ കരിമ്പുഴ പാലം വരെയുള്ള പ്രധാന പാതയോരത്ത് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത വഴിയോര കച്ചവടങ്ങൾ നിത്യേന കൂടുന്നതായി വ്യാപാരികൾ ആരോപിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും ചർച്ച നടത്തിയിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതിലും പഞ്ചായത്ത് അധികൃതർ വ്യാപാരികളോട് തുടരുന്ന വഞ്ചനയിലും പ്രതിഷേധിച്ച് വ്യാപാരികൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ.എൽ. ബേബി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹമീദ്,പുനത്തിൽ ജയകൃഷ്ണൻ, മണികണ്ഠൻ സംസാരിച്ചു.