meeting

പാലക്കാട്: ഗ്രീൻ ഫീൽഡ് ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനും അതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. 10 ദിവസത്തിനകം വിശദമായ സർവ്വേ നടപടികൾ ഗ്രീൻ ഹൈവേയുമായി ബന്ധപ്പെട്ട് ആരംഭിക്കും. അതോടെ ഗ്രീൻ ഹൈവേയിൽ ഉൾപെടുന്ന പ്രദേശങ്ങളെ കുറിച്ച് കൃത്യമായ രൂപരേഖ ജനങ്ങൾക്ക് ലഭിക്കുമെന്നും നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. കോങ്ങാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളിലൂടെ ഗ്രീൻ ഫീൽഡ് ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ എത്രയും വേഗം പരിഹരിക്കണമെന്ന് എം.എൽ.എ.മാരായ കെ.ശാന്തകുമാരിയും, എ.പ്രഭാകരനും ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

റേഷൻ അരി പോളിഷ് ചെയ്ത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിച്ച് വിൽപ്പന നടത്തുന്നത് തടയുന്നതിനായി സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ കർഷകരിൽ നിന്നും പച്ച തേങ്ങ സംഭരിക്കുന്നത് 50 തേങ്ങയിൽ നിന്ന് 100 തേങ്ങ ആക്കുന്നതിന് ഡയറക്ടറേറ്റിലേക്ക് കത്ത് നൽകിയതായും മറുപടി വന്ന ഉടനെ നടപടി ഉണ്ടാവുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ യോഗത്തിൽ അറിയിച്ചു.

മുതുതല പി.എച്ച്.എസിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പട്ടാമ്പി മണ്ഡലങ്ങളിലെ റോഡുകളിലെ കുഴികൾ എത്രയും വേഗം പാച്ച് വർക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും പട്ടാമ്പി കൊപ്പത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് വെയ്ക്കാൻ സ്ഥലം അനുവദിക്കുന്നതിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് മുഹസിൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. പറമ്പിക്കുളം മേഖലയിലെ തകർന്ന റോഡുകളിലെ കുഴികൾ അടക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.ബാബു എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.

ചിറ്റൂർ മണ്ഡലത്തിലെ ഇറിഗേഷിന്റെ കീഴിലുള്ള കാട കനാലുകൾ മൂന്നുവർഷത്തിലൊരിക്കൽ മണ്ണുനീക്കി വൃത്തിയാക്കുന്നത് വർഷത്തിലൊരിക്കൽ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പെരുമാട്ടി പഞ്ചായത്തിലെ കരകലകുളമ്പിൽ അംബേദ്ക്കർ പദ്ധതിയിൽ ഉൾപ്പെട്ട 56 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് നടപടി ഉണ്ടാവണമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ പ്രതിനിധിയോഗത്തിൽ ആവശ്യപ്പെട്ടു.

കടമ്പഴിപ്പുറത്ത് രണ്ടു വാർഡുകളിലായി മുന്നൂറോളം കുടുംബങ്ങൾക്ക് ബി.എസ്.എൻ.എൽ ഇന്റെർനെറ്റ് ലഭ്യമാക്കാൻ ടവർ നിർമ്മിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കണമെന്ന ആവശ്യം ജില്ലാവികസന സമിതി യോഗത്തിൽ ഉന്നയിച്ചു. 2018ലെ പ്രളയത്തിൽ തകർന്ന കാഞ്ഞിരായികടവ് തൂക്കുപാലം സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ നിരന്തരം യാത്ര ചെയ്യുന്നതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായി അത് ശരിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഒറ്റപ്പാലം പുഴയോര പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് സബകളക്ടർക്ക് നിർദ്ദേശം നൽകണമെന്നും കെ.പ്രേംകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ മൃൺമയി ജോഷി യോഗത്തിൽ അദ്ധ്യക്ഷയായി. പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.