nenmmara

നെന്മാറ: വനംവകുപ്പിന്റെ കെട്ടിടങ്ങൾ തിരിഞ്ഞുനോക്കാൻ ആളില്ലാതെ കാടുകയറി നശിക്കുന്നു. നെന്മാറ വനം ഡിവിഷനിൽ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്സുകളുമാണ് യഥാസമയം നവീകരിക്കാത്തതിനാൽ നശിക്കുന്നത്.

ജനവാസ മേഖലയിൽ പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്നുള്ള കെട്ടിടം നിലവിൽ പാമ്പുകളുടെയും മറ്റു ക്ഷുദ്രജീവികളുടെയും താവളമാണ്. 1970കളിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റായും പിന്നീട് ക്വാർട്ടേഴ്സുകളായും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത്. ജീവനക്കാർക്ക് താമസിക്കാൻ ഈ കെട്ടിടത്തിന് സമീപം മറ്റൊരു ക്വാർട്ടേഴ്സ് നിർമ്മിച്ചതോടെ പഴയ കെട്ടിടം ആരും ഉപയോഗിക്കാതെയായി. പിന്നീട് നവീകരണവും മുടങ്ങി.

നിലവിൽ നെന്മാറ വനം ഡിവിഷനിൽ നിരവധി ഉദ്യോഗസ്ഥർ താമസിക്കാൻ ക്വാർട്ടേഴ്സും വീടും വാടാകയ്ക്ക് കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് സർക്കാരിന്റെ കീഴിലുള്ള കെട്ടിടം കാട് കയറി നശിക്കുന്നത്. കെട്ടിടങ്ങൾ നവീകരിച്ച് പരിസരം വൃത്തിയാക്കി താമസ യോഗ്യമാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.