കോന്നി : മലയാലപ്പുഴ പഞ്ചായത്തിൽ സ്റ്റേഡിയം വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഹോക്കിയിൽ നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത നാടാണ് മലയാലപ്പുഴ.ഹാരിസൺ മലയാളം പ്ലാന്റേഷനിലെ കുറുബറ്റി ഡിവിഷനിലെ ഗ്രൗണ്ടിലും മലയാലപ്പുഴ എസ്.എൻ.ഡി.പി യു.പി. സ്കൂൾ ഗ്രൗണ്ടിലുമാണ് കായികതാരങ്ങൾക്ക് പരിശീലിക്കാൻ കുറച്ചെങ്കിലും ഇടമുള്ളത്. ഹോക്കിയിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ഏലിയാമ്മ മാത്യു, ദേശീയ ചാമ്പ്യൻഷിപ്പ് ജയിച്ച കേരള യൂണിവേഴ്സിറ്റി ടീം ക്യാപ്റ്റൻ കെ.സുലേഖ, കേരള ടീമംഗമായിരുന്ന ബിന്ദു, സർവീസ് ടീം അംഗം ഗോകുൽരാജ്, കേരള പൊലീസ് താരം ഷേർളി, സംസ്ഥാന താരം കെ.കെ.സോമരാജൻ തുടങ്ങി മുന്നൂറിലധികം സംസ്ഥാന ഹോക്കി താരങ്ങളെ സംഭാവന ചെയ്ത നാടാണ് മലയാലപ്പുഴ.1979 മുതൽ 84 വരെ സംസ്ഥാന വനിതാഹോക്കി ടീമിൽ ഒൻപതു മലയാലപ്പുഴക്കാർ കളിച്ച ചരിത്രമുണ്ട്. 2008ൽ സംസ്ഥാനത്തെ ആദ്യ ഹോക്കി അക്കാദമി തുടങ്ങിയതും മലയാലപ്പുഴയിലാണ്. വോളിബാൾ താരങ്ങളായ രാജുഫിലിപ്പ്, ബാബുജിഫിലിപ്പ്, ബെന്നി ഫിലിപ്പ് എന്നിവർ മലയാലപ്പുഴയുടെ സംഭാവനകളാണ്. കിഴക്കുപുറത്തു വർഷംതോറും നടത്തി വന്നിരുന്ന ഗീവറുഗീസ് കത്തനാർ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള വോളിബാൾ ടൂർണമെന്റുകളിൽ ജിമ്മി ജോർജ് അടക്കമുള്ള താരങ്ങൾ പതിവായി പങ്കെടുത്തിരുന്നു.പുതുക്കുളം സാംസ്‌കാരിക നിലയത്തിന് സമീപത്തെ ചെറിയ മൈതാനത്തും, കിഴക്കുപുറം എൽ.പി സ്കൂളിന് സമീപത്തെ വയലിലും വിദ്യാർത്ഥികളും യുവാക്കളും പരിശീലനം നടത്തുന്നുണ്ട്. ഇവിടെയല്ലാം സ്ഥലപരിമിതിയുടെ പ്രശ്നമുണ്ട്.
സ്റ്റേഡിയം നിർമ്മിക്കാം
പുതുക്കുളത്ത് സാംസ്‌കാരിക നിലയത്തോടു ചേർന്ന ഗ്രൗണ്ടിനോട് ചേർന്ന് 40 വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് പോസ്റ്റോഫീസിനു വേണ്ടി വാങ്ങിയ സ്ഥലം കാടുകയറി കിടക്കുകയാണ്. ഈ സ്ഥലം കൂടി ഉൾപ്പെടുത്തി സ്റ്റേഡിയം നിർമ്മിക്കാൻ കഴിയും. ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെ കുമ്പഴതോട്ടത്തിലെ കുറുബറ്റി ഡിവിഷനിൽ വിശാലമായ ഗ്രൗണ്ട് ഉപയോഗരഹിതമായി കിടക്കുകയാണ്. ഇതും സ്റ്റേഡിയത്തിനായി ഉപയോഗിക്കാൻ കഴിയും.
...................................
ഹോക്കിയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്ത മലയാലപ്പുഴയിൽ കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയം നിർമ്മിക്കണം
അമൃത് സോമരാജൻ സെക്രട്ടറി
(ജില്ലാ ഹോക്കി അസോസിയേഷൻ )
................................
മലയാലപ്പുഴയിൽ സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകും
ഷീലകുമാരി ചങ്ങായിൽ
(മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് )